| Monday, 5th May 2025, 9:33 am

ജമ്മു കശ്മീരില്‍ ഭീകരരെ സഹായിച്ചയാള്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ മുങ്ങി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരെ സഹായിക്കാന്‍ ശ്രമിച്ചയാള്‍ സൈന്യത്തിന്റെ പക്കല്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ മുങ്ങി മരിച്ചു.

കുല്‍ഗാം സ്വദേശിയായ ഇംതിയാസ് അഹമ്മദ് ആണ് മരിച്ചത്. സൈന്യത്തിന്റെ പിടിയില്‍ നിന്ന്  നദിയിലേക്ക് ചാടി രക്ഷപ്പെടവെ ഇയാള്‍ മുങ്ങി മരിക്കുകയായിരുന്നു. ഇയാള്‍ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മെയ് മൂന്നിനാണ് ഇംതിയാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാള്‍ ഭീകരര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളും വസ്ത്രവും എത്തിച്ച് നല്‍കാന്‍ സഹായിച്ചു എന്ന് ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരുടെ ഒളിത്താവളത്തിലേക്ക് കൊണ്ട് പോകവെയാണ് ഇയാള്‍ ചാടിപ്പോവുന്നത്. തുടര്‍ന്ന് വനത്തിലൂടെ ഓടി രക്ഷപ്പെട്ട് വൈഷു നദിയിലേക്ക് ചാടുകയായിരുന്നു ഇയാള്‍. ഇംതിയാസ് അഹമ്മദിന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

പ്രതിയുടെ മരണം കസ്റ്റഡിയിലിരിക്കവെ ആയതിനാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് മരണപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കുല്‍ഗാമില്‍ നിന്ന് കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം വൈഷോ നദിയില്‍ കുറച്ച് മുമ്പ് കണ്ടെത്തിയിരുന്നു. ഈ സംഭവുമായാണ് കുടുംബം യുവാവിന്റെ മരണത്തെ താരതമ്യം ചെയ്തത്. ഈ കേസില്‍ ഇപ്പോഴും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇംത്യാസിന്റെ മരണം പ്രദേശത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം യുവാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിട്ടുണ്ട്. മരണത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇംതിയാസിനെ രണ്ട് ദിവസം മുമ്പ് സൈന്യം പിടികൂടുകയും ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം നദിയില്‍ ദുരൂഹമായി കണ്ടെത്തിയെന്നും പ്രദേശവാസികള്‍ പറയുന്നതായി മുഫ്തി പറഞ്ഞു.

‘പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം സമാധാനം തകര്‍ക്കാനും, കശ്മീരിലെ ടൂറിസത്തെ തകര്‍ക്കാനും, രാജ്യത്തുടനീളമുള്ള സാമുദായിക ഐക്യം തകര്‍ക്കാനുമുള്ള ഒരു മനപൂര്‍വ ശ്രമമാണെന്ന് തോന്നുന്നു. ഏകപക്ഷീയമായ അറസ്റ്റുകള്‍, വീടുകള്‍ തകര്‍ക്കല്‍, നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വെക്കല്‍ എന്നിവയിലൂടെ മുഴുവന്‍ വ്യവസ്ഥയെയും ഇളക്കിമറിക്കാന്‍ ഒരൊറ്റ അക്രമത്തിന് കഴിയുമെങ്കില്‍, കുറ്റവാളികള്‍ ഇതിനകം അവരുടെ ലക്ഷ്യം നേടിയിട്ടുണ്ട്. ബന്ദിപ്പോര ഏറ്റുമുട്ടലിലോ കുല്‍ഗാമിലെ ഈ പുതിയ സംഭവത്തിലോ ഉള്ള മോശം പെരുമാറ്റ ആരോപണങ്ങള്‍ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതാണ്. കൂടാതെ സമഗ്രമായ ഒരു നിഷ്പക്ഷ അന്വേഷണം ആവശ്യമാണ്,’ മെഹ്ബൂബ മുഫ്തി എക്‌സില്‍ കുറിച്ചു.

ഏപ്രില്‍ 23ന് സുരക്ഷ സേനയുമായുള്ള വെടിവെപ്പിന് പിന്നാലെ രണ്ട് തീവ്രവാദികള്‍ രക്ഷപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇംതിയാസിന്റെ പങ്ക് പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ലഷ്‌കര്‍ ഒളിത്താവളത്തെക്കുറിച്ച് അറിവുണ്ടെന്ന് ഇംതിയാസ് സമ്മതിച്ചതായും തുടര്‍ന്ന് ഇയാള്‍ പറഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

Content Highlight: Man who helped terrorists in Jammu and Kashmir drowns while trying to escape from army custody

We use cookies to give you the best possible experience. Learn more