| Tuesday, 10th June 2025, 9:01 am

ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ശർമിഷ്ഠ പനോലിക്കെതിരെ കേസ് നൽകിയ ആൾ കൊൽക്കത്തയിൽ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നിയമ വിദ്യാർത്ഥിനിയായ ഷർമിഷ്ഠ പനോലിക്കെതിരെ കേസ് ഫയൽ ചെയ്ത വജാഹത്ത് ഖാൻ ഖാദ്രിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്. വജാഹത്ത് ഖാൻ ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശ്രീറാം സ്വാഭിമാൻ പരിഷത്ത് കൊൽക്കത്ത പൊലീസിൽ അദ്ദേഹത്തിനെതിരേ നൽകിയ പരാതിക്ക് പിന്നാലെയാണ് അറസ്റ്റ്.

ജൂൺ രണ്ടിന് ഗാർഡൻ റീച്ച് പൊലീസ് സ്റ്റേഷനിലെ ഓഫീസർ-ഇൻ-ചാർജിന് നൽകിയ പരാതിയിൽ, വജാഹത്ത് ഖാൻ ഹിന്ദു ദേവതകളെയും മതപാരമ്പര്യങ്ങളെയും സമൂഹത്തെയും മൊത്തത്തിൽ ലക്ഷ്യം വച്ചുള്ള അപകീർത്തികരവും പ്രകോപനപരവും ലൈംഗികത പ്രകടമാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചു.

‘ബലാത്സംഗ സംസ്കാരങ്ങൾ’, ‘മൂത്രം കുടിക്കുന്നവർ’ തുടങ്ങിയ പരാമർശങ്ങൾ വജാഹത്ത് ഖാൻ നടത്തിയെന്നും പരാതിയിൽ പറയുന്നു.

ജൂൺ ഒന്നിന് മുതൽ വജാഹത്ത് ഖാൻ ഒളിവിലായിരുന്നെന്ന് പൊലീസ് പറയുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിനും സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനും വജാഹത്ത് ഖാനെതിരെ കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.

എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗാർഡൻ റീച്ചിലെ അദ്ദേഹത്തിന്റെ വസതിയിൽ പൊലീസ് മൂന്ന് നോട്ടീസുകൾ നൽകിയെന്നും എന്നാൽ അദ്ദേഹം ഹാജരായില്ലെന്നും പൊലീസ് പറയുന്നു. പിന്നാലെ ഖാനെ അനാസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം.

അതേസമയം ഷർമിഷ്ഠ പനോലിയുടെ ജീവിതം നശിപ്പിച്ചു എന്ന് ആരോപിച്ച് തങ്ങളുടെ കുടുംബത്തിന് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് വജാഹത്ത് ഖാന്റെ പിതാവ് സാദത്ത് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ മുഹമ്മദ് നബിക്കും ഇസ്‌ലാമിനുമെതിരായ വിദ്വേഷ പരാമർശം നടത്തിയതിന് ഇൻഫ്ലുവൻസറും നിയമ വിദ്യാർത്ഥിനിയായ ഷർമിഷ്ഠ പനോലിക്കെതിരെ വജാഹത്ത് ഖാൻ പരാതി നൽകിയിരുന്നു. തുടർന്ന് മെയ് 30 തിന് ഗുരുഗ്രാമിൽ വെച്ച് ശർമിഷ്ഠ പനോലിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തന്റെ വീഡിയോയിൽ ഷർമിഷ്ഠ പനോലി അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ഓപ്പറേഷൻ സിന്ദൂരിൽ ബോളിവുഡിലെ മുസ്‌ലിം സെലിബ്രിറ്റികൾ പാലിക്കുന്ന മൗനത്തെ വിമർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷർമിഷ്ഠയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പിന്നാലെ ഷർമിഷ്ഠ വീഡിയോ ഡിലീറ്റ് ചെയ്യുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഷർമിഷ്ഠ പനോലിക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടുന്നത് വിലക്കിയിട്ടുണ്ട്. 10,000 രൂപ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Content Highlight: Man who filed case against influencer Sharmishta Panoli arrested in Kolkata

We use cookies to give you the best possible experience. Learn more