ലോകമെമ്പാടും ആരാധകരുള്ള നടന്മാരിലൊരാളാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍. മിസ്റ്റര്‍ ബീന്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച റൊവാന്‍ ഇന്നും ആ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. റൊവാന്റെ ഏറ്റവും പുതിയ വെബ് സീരീസായ മാന്‍ vs ബേബിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
കോമഡിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞുപോകുന്ന സീരീസിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിക്കുന്ന സീരീസ് ക്രിസ്മസ് റിലീസാണ് ലക്ഷ്യം വെക്കുന്നത്. ഹൗസ്‌കീപ്പിങ്ങിനെത്തുന്ന ട്രെവര്‍ ബിംഗ്ലിയുടെ വീടിന് മുന്നില്‍ ഒരു കൊച്ചുകുട്ടിയെ ലഭിക്കുന്നതാണ് കഥ. പിന്നീട് ട്രെവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സീരീസ് പറഞ്ഞുവെക്കുന്നത്.
2022ല്‍ മാന്‍ vs ബീ എന്ന മിനി സീരീസ് ഇതേ കോമ്പോയില്‍ പുറത്തിറങ്ങിയിരുന്നു. ഒരു ഈച്ച കാരണ ഹൗസ്‌കീപ്പറായ നായകന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം റൊവാന്‍ വീണ്ടുമെത്തുമ്പോള്‍ പൊട്ടിച്ചിരിയുടെ പെരുന്നാള്‍ തന്നെയാകുമെന്നാണ് പലരും കരുതുന്നത്. ട്രെയ്‌ലര്‍ അക്കാര്യം അടിവരയിടുന്നു.
റൊവാന്‍ ആറ്റ്കിന്‍സണും വില്യം ഡേവീസുമാണ് സീരീസ് ഒരുക്കുന്നത്. ഡേവിഡ് കെറാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. അര മണിക്കൂര്‍ വീതമുള്ള എട്ട് എപ്പിസോഡുകളാണ് സീരീസിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 11നാണ് സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുക. നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും പ്രതീക്ഷയുള്ള സീരീസുകളിലൊന്നാണ് മാന്‍ vs ബേബി.
ട്രെയ്‌ലറില്‍ പലപ്പോഴായി മിസ്റ്റര്‍ ബീനിന്റെ ഭാവഭേദങ്ങള്‍ റൊവാന്റെ മുഖത്ത് വന്നുപോകുന്നുണ്ടെന്നാണ് ട്രെയ്‌ലറിന്റെ കമന്റ് ബോക്‌സില്‍ പലരും അഭിപ്രായപ്പെടുന്നത്. ഏതൊക്കെ സിനിമ ചെയ്താലും റൊവാന്‍ എല്ലാവര്‍ക്കും മിസ്റ്റര്‍ ബീന്‍ തന്നെയാണെന്നും അതിന് മുകളില്‍ മറ്റൊന്നും വരില്ലെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ കുറിക്കുന്നുണ്ട്.
ഡിസംബറില്‍ കാഴ്ചക്കാരെ വലിയ രീതിയില്‍ ആകര്‍ഷിക്കാന്‍ തന്നെയാണ് നെറ്റ്ഫ്‌ളിക്‌സ് കണക്കുകൂട്ടുന്നത്. മാന്‍ vs ബേബിക്ക് പുറമെ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ രണ്ട് ഭാഗങ്ങളും നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കും. വര്‍ഷാവസാനം ഒരുലക്ഷത്തിനടുത്ത് പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് ഒ.ടി.ടി ഭീമന്മാര്‍ ലക്ഷ്യം വെക്കുന്നത്.
Content Highlight: Man vs Baby series trailer out now