| Friday, 27th November 2026, 10:33 am

ഓടുന്ന ട്രെയിനിനകത്ത് അയ്യപ്പ ഭക്തന്‍ ആരതി ഉഴിയുന്നു; സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

റെന്വര്‍ പി

ഹൈദരാബാദ്‌: എ.സി ട്രെയിന്‍ കോച്ചിനുള്ളില്‍ അയ്യപ്പ ഭക്തന്റെ വേഷത്തിലുള്ളയാള്‍ ആരതി കത്തിച്ച് ഉഴിയുകയും ശംഖ് വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. ട്രെയിനിലെ സുരക്ഷയെ ബാധിക്കുന്നതാണ് അയ്യപ്പ ഭക്തന്റെ നടപടിയെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.

ഇന്നലെയാണ് (നവംബര്‍ 26, വ്യാഴം) സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിച്ചത്. മണ്ഡല വ്രതമെടുത്തവരുടെ വേഷം ധരിച്ച ഒരു യാത്രക്കാരന്‍ ദീപം തെളിയിച്ച് ആരതി ഉഴിയുന്നതും ശംഖ് വിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

‘ഗോഡ് ഓഫ് വാര്‍’ എന്ന അക്കൗണ്ടാണ് ഈ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. ഓടുന്ന ട്രെയിനിനുള്ളില്‍ ഇത്തരമൊരു ആചാരം നടത്താന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നും, റെയില്‍വേ ജീവനക്കാര്‍ ഇതില്‍ ഇടപെട്ടിരുന്നോ എന്നും ഉപയോക്താക്കള്‍ ചോദിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സമൂഹ മാധ്യമങ്ങളില്‍ പലരും ഈ യാത്രക്കാരന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു. ആരതി ഉഴിയുന്നതിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേക സ്ഥലങ്ങളുണ്ടെന്നും ട്രെയിനില്‍ ദീപം തെളിയിക്കുന്നത് സഹയാത്രക്കാരെ അപകടത്തിലാക്കുമെന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ഈ വീഡിയോയോട് പ്രതികരിച്ചതായി സിയാസത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

‘വീടുകളിലോ ക്ഷേത്രങ്ങളിലോ അല്ലെങ്കില്‍ ആരാധനയ്ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ ആരതി ഉഴിയുന്നതോ ശംഖ് വിളിക്കുന്നതോ തികച്ചും ഉചിതമാണ്. എന്നാല്‍ ട്രെയിനുകളിലോ വിമാനങ്ങളിലോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ചുറ്റുമുള്ള എല്ലാവര്‍ക്കും അപകടമുണ്ടാക്കും,’ എന്ന് ഒരു ഉപയോക്താവ് എക്‌സില്‍ തെലുങ്ക് ഭാഷയില്‍ കുറിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം പ്രവര്‍ത്തികള്‍ ഹിന്ദു ആചാരങ്ങളെ പരിഹാസപാത്രമാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ‘ലൈക്കുകള്‍ ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഈ വീഡിയോ ചെയ്യുന്നത്. ബസ്സിലോ ട്രെയിനിലോ ദീപം തെളിയിക്കുന്നതും ശംഖ് വിളിക്കുന്നതും അനുവദിക്കരുത്. ഇത് ഹിന്ദു ആചാരങ്ങളെ കൂടുതല്‍ പരിഹസിക്കാന്‍ ഇടയാക്കും,’ എന്ന് ഒരു കമന്റില്‍ പറയുന്നു.

ഈ യാത്രക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും ട്രെയിനിനകത്ത് തീ കത്തിച്ച നടപടിയെ ശക്തമായി വിമര്‍ശിച്ചു. ശബരിമല സീസണ്‍ ആയാല്‍ ബസ്സിലും ട്രെയിനിലും ഒക്കെ ഇത്തരത്തില്‍ ഉള്ള പലരെയും കാണാമെന്ന് ചില ഫേസ്ബുക്ക് യൂസര്‍മാര്‍ അഭിപ്രായപ്പെട്ടു.

സംഭവത്തില്‍ പ്രതികരിച്ച ഇന്ത്യന്‍ റെയില്‍വേ, പിഎന്‍ആര്‍ വിവരങ്ങള്‍, സംഭവം നടന്ന തീയതി, ട്രെയിന്‍ നമ്പര്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി, സംഭവം നടന്ന തീയതിയും സമയവും, ട്രെയിന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ട്രെയിനില്‍ തീ കത്തിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നതോ ഉപയോഗിക്കുന്നതോ, തീപിടുത്തത്തിന് കാരണമായേക്കാവുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതോ ഇന്ത്യന്‍ റെയില്‍വേ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

കോച്ചിനുള്ളില്‍ ദീപം തെളിയിക്കുകയോ തുറന്ന തീജ്വാലകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് വലിയ തീപിടുത്ത ഭീഷണി ഉയര്‍ത്തുന്നു. പ്രത്യേകിച്ച് എയര്‍കണ്ടീഷന്‍ഡ് കോച്ചുകളില്‍ ഇത് യാത്രക്കാര്‍ക്കും റെയില്‍വേയുടെ ഉപകരണങ്ങള്‍ക്കും ഒരുപോലെ അപകടകരമാണ്. 1989-ലെ റെയില്‍വേ നിയമപ്രകാരം, നിരോധിക്കപ്പെട്ട തീപിടിക്കുന്നതോ സ്‌ഫോടനാത്മകമോ ആയ വസ്തുക്കള്‍ കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

Content Highlight: Man in Ayyappa devotee Attire doing aarti on AC coach

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more