ആലപ്പുഴ: സംസ്ഥാനത്തെ പവര്‍ കട്ടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പി.ഡി.പി പ്രവര്‍ത്തകനായ ആലപ്പുഴ സ്വദേശി അഹമ്മദ് കബീറിന്റെ ഫോണാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒരു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ (ജൂലൈ 29, ബുധന്‍) വൈകിട്ടോടെയാണ് അഹമ്മദ് കബീറിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇന്ന് രാവിലെ ഫോണ്‍ തിരിച്ചുകൊടുത്തെങ്കിലും പിന്നീട് വീണ്ടും കസ്റ്റഡിയിലെടുത്തു.
വീട്ടില്‍ രാത്രി കരണ്ട് പോയപ്പോള്‍ കുട്ടികളെ ഉറക്കാന്‍ ചാര്‍ജബിള്‍ ഫാന്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ ആണ് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് അഹമ്മദ് കബീര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മുമ്പൊന്നും ഇല്ലാത്ത തരത്തില്‍ ഇപ്പോള്‍ കറണ്ട് പോയികൊണ്ടിരിക്കുകയാണ് എന്ന് വീഡിയോയില്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും കബീര്‍ പറയുന്നു.
രാത്രി പത്തുമണിക്കും രണ്ടുമണിക്കുമാണ് കറണ്ട് പോയത്. ആദ്യം മുക്കാല്‍ മണിക്കൂറോളമായിരുന്നു പവര്‍ കട്ട്. വീട്ടില്‍ കൊതുകുശല്യമുണ്ട്. പവര്‍കട്ട് കാരണം കുട്ടികള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് വന്ന സാഹചര്യത്തിലാണ് വീഡിയോ ചെയ്യാന്‍ തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇത് ഇന്ന് എത്രാമത്തെ തവണയാണ് ഈ കറണ്ട് പോകുന്നത് പൂക്കി,’ എന്ന് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചിരുന്നു. ‘പൂക്കി’ എന്നൊരു പദം ഉപയോഗിച്ചതിനാലാണോ തനിക്കെതിരെ കേസെടുത്തതെന്നും കബീര്‍ ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരായി പോസ്റ്റ് ഇട്ടതിനാണ് ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുന്നതെന്ന് കബീറിനോട് പൊലീസ് പറഞ്ഞതായും മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഉച്ചക്ക് ശേഷമാണ് ഫോണ്‍ തിരികെ നല്‍കിയത്. ഫോണ്‍ തിരികെ വാങ്ങി എന്ന് പൊലീസ് എഴുതി വാങ്ങിക്കുകയും ചെയ്തു.
എന്നാല്‍ കബീര്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഫോണ്‍ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈ.എസ്.പിക്ക് മറ്റൊരു പരാതി ലഭിച്ചിട്ടുണ്ട് അതുകൊണ്ട് വീണ്ടും ഫോണ്‍ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താന്‍ മുഖ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം ഒന്നും നടത്തിയിട്ടില്ല എന്ന് കബീര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ചില പരാമര്‍ശങ്ങള്‍ അധിക്ഷേപ സൂചനയോടെ അഹമ്മദ് കബീര്‍ ഉപയോഗിച്ചു എന്ന് പോലീസ് പറയുന്നതായും മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തില്‍ പി.ഡി.പി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധങ്ങള്‍ പരിഗണിക്കുന്നതായി പി.ഡി.പി പ്രവര്‍ത്തകര്‍ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Man From Alappuzha Critisized CM- Phone Seized by Police