| Tuesday, 12th August 2025, 3:21 pm

യു.പിയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ചു; ദുര്‍ഗന്ധം വമിച്ച മൃതദേഹം വാര്‍ഡില്‍ ഉപേക്ഷിച്ചെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചികിത്സ കിട്ടാതെ ഇരുപത്തിയഞ്ചുകാരന്‍ മരിച്ചു. മരണശേഷം പതിനൊന്ന് മണിക്കൂറോളം മൃതദേഹം വാര്‍ഡില്‍ തന്നെ വെച്ചെന്നും പരാതിയുണ്ട്. സുന്ദറിനെ ഞായറാഴ്ച ഒന്നേകാലോടെയാണ് അജ്ഞാതര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. ഹോസ്പിറ്റലില്‍ എത്തിക്കുമ്പോള്‍ യുവാവിന് ബോധമുണ്ടായിരുന്നില്ല. തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും ചെയ്തു. നില ഗുരുതരമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കാണ്‍പൂരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

കാണ്‍പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും യുവാവിനെ നോക്കാന്‍ ആരും എത്തിയില്ല. ആശുപത്രി ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും രോഗിയെ നോക്കണമെങ്കില്‍ സ്റ്റേഷനില്‍ നിന്ന് ആളുവരണമെന്നും പറയുകയായിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ആരും വന്നില്ല.

ചികിത്സകിട്ടാതെ യുവാവ് മരിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ മൃതദേഹം വാര്‍ഡില്‍ ഉപേക്ഷിച്ചു പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രാത്രിയില്‍ അഴുകിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധം കാരണം മറ്റ് രോഗികള്‍ മുറിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാവിലെ മറ്റ് രോഗികളുടെ സഹായികള്‍ അലാറം മുഴക്കിയപ്പോഴാണ് വാര്‍ത്ത പുറത്തുവന്നത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞ ജില്ലാ മജിസ്‌ട്രേറ്റ് കാണ്‍പൂരിലെ ആശുപത്രി സന്ദര്‍ശിക്കുകയും വീഴ്ചയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മൃതദേഹം ഉടന്‍ നീക്കം ചെയ്യാന്‍ അദ്ദേഹം ആശുപത്രിയോട് നിര്‍ദേശിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒരു തൂപ്പുകാരനാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

ആശുപത്രി ജീവനക്കാരുടെയും പൊലീസിന്റെയും അനാസ്ഥയില്‍ വലിയ പ്രതിഷേധമാണുയരുന്നത്.

Content Highlight: Man dies in UP hospital due to no treatment

We use cookies to give you the best possible experience. Learn more