| Friday, 17th June 2016, 1:33 pm

കോണ്‍ജറിംഗ് 2 സിനിമ കാണുന്നതിനിടെ തമിഴ്‌നാട്ടില്‍ വൃദ്ധന്‍ കുഴഞ്ഞു വീണു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:   പ്രേത സിനിമയായ കോണ്‍ജറിംഗ് 2 കാണുന്നതിനിടെ തമിഴ്‌നാട്ടില്‍ വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവണ്ണാമല ജില്ലയിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത്തിയഞ്ച് വയസ് പ്രായമുള്ളയാളാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇവിടെയുള്ള ബാലസുബ്രഹ്മണിയാര്‍ എന്ന തിയേറ്ററിലാണ്  ഇയാളും സുഹൃത്തും കോണ്‍ജറിംഗ് 2 കാണാനെത്തിയിരുന്നത്. ഇരുവരും ആന്ധ്രപ്രദേശ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

സിനിമയുടെ അവസാന രംഗമെത്തില്‍  നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.  ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവണ്ണാമല മെഡിക്കല്‍ കോളജിലേക്ക് മാറ്റാനായി നിര്‍ദ്ദേശിച്ചു.

ഹോളിവുഡ്  ചിത്രമായ കോണ്‍ജറിംഗ് 2വിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഭയപ്പെടുത്തുന്ന രംഗങ്ങളെ കുറിച്ച് നവമാധ്യമങ്ങളിലൂടെയടക്കം വന്‍ പ്രചരണമാണ് ലഭിച്ചിരുന്നത്. റിലീസ് ദിനത്തില്‍ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും 5.25 കോടി വാരിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more