| Sunday, 20th April 2025, 6:52 pm

ഉത്തര്‍പ്രദേശില്‍ സ്ത്രീധന പീഡനം ചോദ്യം ചെയ്തതിന് പങ്കാളിയുടെ മുടി മുറിച്ച് യുവാവ്; പിന്നാലെ അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഹര്‍ദോയ് ജില്ലയില്‍ സ്ത്രീധന പീഡനം ചോദ്യം ചെയ്ത യുവതിയുടെ മുടി മുറിച്ച് ഭര്‍ത്താവ്. ശനിയാഴ്ച സ്ത്രീയുടെ പിതാവ് യുവാവിനെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ട്.

യുവതിയുടെ പിതാവ് രാധാകൃഷ്ണന്‍ ഭര്‍ത്താവ് രാംപ്രതാപിനെതിരെ സ്ത്രീധന പീഡനത്തിന് പരാതി നല്‍കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് രാംപ്രതാപിനെ തന്റെ മകള്‍ വിവാഹം ചെയ്തതെന്നും പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് പറഞ്ഞു. റഫ്രിജറേറ്ററും കൂളറും വേണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനം.

മുടിമുറിക്കുന്നതിന് ഒരു ആഴ്ച മുമ്പാണ് മകളെ രാധാകൃഷ്ണന്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ മകള്‍ ബ്യൂട്ടിപാര്‍ലറിലെത്തിയപ്പോള്‍ യുവാവ് കൂട്ടാളികളുമൊത്ത് എത്തുകയും യുവതിയുടെ മുടി മുറിച്ചുമാറ്റുകയുമായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ രവി പ്രകാശ് പറഞ്ഞു.

അതേസമയം യുവതി ബ്യൂട്ടിപാര്‍ലറില്‍ പോവുന്നതിന് യുവാവ് എതിരായിരുന്നെന്നും ഇതില്‍ പ്രകോപിച്ചാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചതും മുടി മുറിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Content Highlight: Man cuts partner’s hair for questioning dowry harassment; later arrested

We use cookies to give you the best possible experience. Learn more