| Sunday, 11th August 2019, 11:42 pm

പെട്ടെന്നെടുക്കാന്‍ കാശില്ല, മാസശമ്പളവുമില്ല; ദുരിതാശ്വസ നിധിയിലേക്ക് സഹായധനം നല്‍കാന്‍ സ്‌കൂട്ടര്‍ വിറ്റ് യുവാവ് ; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളം വീണ്ടും ഒരു ദുരിതപ്പെയ്ത്തിനെ നേരിടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഈ വര്‍ഷവും മഴക്കെടുതി കേരളത്തില്‍ ഉണ്ടായിരിക്കുകയാണ്.

നാടുമുഴുവന്‍ ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് ആഹ്വാനവുമായി ചില തല്‍പ്പര്യ കക്ഷികള്‍ നാട്ടില്‍ ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങളെയെല്ലാം തള്ളി കളഞ്ഞ് ആളുകള്‍ എത്തുന്നുണ്ട്. തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പരമാവധി സഹായങ്ങള്‍ നല്‍കാന്‍ ഒരോ ആളുകളും ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു യുവാവിന്റെ പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കയ്യില്‍ എടുക്കാന്‍ കാശില്ലാത്തതിനാല്‍ സ്വന്തം സ്‌ക്കൂട്ടര്‍ വിറ്റുകിട്ടിയ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ.

‘മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും..’ എന്ന് ആദി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

”കഴിഞ്ഞ പ്രളയ കാലത്തു ചെയ്തതുപോലെ ആരേയും അറിയിക്കാതെ സഹായിക്കണമെന്നാണ് കരുതിയത്. എന്നാല്‍ ഇക്കൊല്ലം ആരും ഒന്നും കൊടുക്കില്ലെന്ന പ്രചാരണം കേട്ടപ്പോള്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നുതോന്നി. അതുകൊണ്ടാണ് സ്‌കൂട്ടര്‍ വിറ്റു തുക അയച്ച കാര്യം ഫേസ്ബുക്കിലെ ആദി ബാലസുധ എന്ന തന്റെ പ്രൊഫൈല്‍ പേജില്‍ പോസ്റ്റ് ചെയ്തത്. – ആദി പറയുന്നു.

ഒരു മാസത്തോളം നീണ്ട ആശുപത്രിവാസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് മഴക്കെടുതി സംസ്ഥാനത്ത് നാശം വിതച്ചത്. കയ്യില്‍ കരുതിയിരുന്ന പണം ചികിത്സയ്ക്കും മറ്റുമായി ചെലവായി. ദിവസവും 1000 രൂപയോളം ആശുപത്രിയില്‍ വേണ്ടിവന്നു. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കൈവശം സഹായിക്കാനുള്ള പണമില്ലായിരുന്നു. അങ്ങനെയാണ് സെക്കന്‍ ഹാന്‍ഡ് സ്‌കൂട്ടര്‍ വില്‍ക്കാമെന്ന് തീരുമാനിക്കുന്നത്. – ആദി പറയുന്നു.

അയല്‍വാസിയും ബന്ധുവുമായ ആള്‍ക്കാണ് സ്‌കൂട്ടര്‍ വിറ്റത്. എന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം 40,000 രൂപ സ്‌കൂട്ടറിന്റെ വിലയായി നല്‍കി. അതില്‍ നിന്നും 25,000 രൂപയണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

മുഴുവന്‍ തുകയും കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കയ്യില്‍ ചെലവിന് പോലും പണമില്ലാത്തത് കൊണ്ട് ബാക്കി തുക വീട്ടിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുകയായിരുന്നു- ആദി പറഞ്ഞു.

ഗ്രാഫിക് ഡിസൈനറാണ് ആദി കോഴിക്കോട് ഫ്രീലാന്‍സറായിട്ടാണ് ജോലി ചെയ്യുന്നത്. ആദിയുടെ ഇത്തരത്തിലുള്ള ഇടപെടല്‍ ഇത് ആദ്യമായല്ല. കഴിഞ്ഞ പ്രളയത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ സംഭാവന നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചുകൊടുക്കുന്നവരുടെ ചിത്രം അദ്ദേഹം സൗജന്യമായി വരച്ചു നല്‍കിയിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ കണ്ട ഒരു പോസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സഹായം നല്‍കുന്നവര്‍ക്ക് പകരമായി ചിത്രം വരച്ചുനല്‍കാമെന്ന് തീരുമാനിച്ചത് എന്നാണ് ആദി അതേക്കുറിച്ച് പറയുന്നത്.

‘കിളിമരം’ എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ വിവരം പങ്കുവെച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി ആളുകള്‍ പണമടച്ച സ്‌ക്രീന്‍ഷോട്ട് സഹിതം ചിത്രങ്ങള്‍ അയച്ചു തന്നു. കൂടുതലും കുട്ടികളുടേതായിരുന്നു.

കുട്ടികളുടെ ചിത്രങ്ങള്‍ അധികം വരച്ച് പരിചയമില്ലാത്തതിനാല്‍ കൂടുതല്‍ സമയമെടുത്തു ഓരോന്നും പൂര്‍ത്തിയാക്കാന്‍. അതുകൊണ്ട് തന്നെ ആവശ്യപ്പെട്ട എല്ലാവരുടെയും ചിത്രം വരച്ചുനല്‍കാന്‍ സാധിച്ചില്ല. പക്ഷേ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള ലക്ഷ്യത്തോടെയായത് കൊണ്ട് ആരും പരാതി പറഞ്ഞില്ല.

അമ്പതിനായിരം രൂപക്ക് മുകളില്‍ അന്ന് ലഭിച്ചിരുന്നു. ഇത്തവണ പത്തുപേരുടെ ചിത്രമാണ് ഇത്തരത്തില്‍ വരച്ചുനല്‍കുന്നത്. അതുകൊണ്ട് തന്നെ കിളിമരം പേജിലൂടെ ആ വിവരം ഷെയര്‍ ചെയ്തിട്ടില്ല. സമയപരിമിധിയുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷന്‍ സെന്ററുകളിലും സഹായമെത്തിക്കാനുള്ള തിരക്കിലാണ്- ആദി പറഞ്ഞു.

1000 രൂപയാണ് കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെങ്കില്‍ ഇപ്രാവശ്യം 2500 രൂപ വരെ സംഭാവന നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ആളുകള്‍ ചിത്രം വരച്ചുനല്‍കാന്‍ ആവശ്യപ്പെടുന്നത്.

പണം നല്‍കിയാല്‍ ചിത്രം വരച്ചുനല്‍കുന്ന നിരവധി കലാകാരന്‍മാരുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ഇടപെടല്‍ സമൂഹത്തിന് നല്ല സന്ദേശം പകരുമെന്നും തന്റെ പ്രവൃത്തി നിരവധി ആളുകള്‍ക്ക് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നെന്നും ആദി പറഞ്ഞു.

അതേസമയം മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചരണങ്ങളെ കേരള ജനത തള്ളി കളഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വദേശത്തും വിദേശത്തും ഉള്ള മനുഷ്യര്‍ കേരളത്തെ സഹായിക്കുന്നതിനായി രംഗതെത്തി.

ഇന്ന് ഈ സ്റ്റോറി റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിരിക്കുന്നത് 85 ലക്ഷം രൂപയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

Latest Stories

We use cookies to give you the best possible experience. Learn more