| Thursday, 27th March 2025, 6:56 am

മീററ്റ് പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ പാരായണം; തീവ്ര ഹിന്ദുത്വ സംഘടനാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: മീററ്റിലെ മുസ്‌ലിം പള്ളിക്ക് മുന്നിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്ത ഹിന്ദു സംഘടനാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്.

ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്ഥാന്റെ ദേശീയ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന സച്ചിൻ സിരോഹിക്കെതിരെയും തിരിച്ചറിയാത്ത ചില ആളുകൾക്കെതിരെയും കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. ‘ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്ഥാന്റെ ദേശീയ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന സച്ചിൻ സിരോഹിക്കെതിരെയും തിരിച്ചറിയാത്ത ചില ആളുകൾക്കെതിരെയും ബി.എൻ.എസിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്,’ സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ സിങ് പറഞ്ഞു.

പൊലീസ് റിപ്പോർട്ട് പ്രകാരം, തിങ്കളാഴ്ച സിരോഹിയും കൂട്ടാളികളും പള്ളി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പുറത്ത് സംഘർഷമുണ്ടാക്കി. തുടർന്ന് അവർ പള്ളിക്ക് സമീപം ‘ഹനുമാൻ ചാലിസ’ ചൊല്ലുകയും പള്ളി തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞ പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പരന്നു.

‘ സംഭവം പ്രചരിച്ചതോടെ റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർക്കിടയിലും കാന്റ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള പാർക്കിങ് സ്ഥലത്തും സംഘർഷങ്ങൾ ഉണ്ടാവാൻ തുടങ്ങി,’ പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

പിന്നാലെ പള്ളിയുടെ ‘മുത്വല്ലി’ (പരിപാലകൻ) തസ്‌കീൻ സൽമാനിയും മറ്റ് മുസ്‌ലിം സമുദായത്തിലെ അംഗങ്ങളും പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതികൾക്കെതിരെ കേസ് എടുക്കുകയായിരുന്നു. അതേസമയം പള്ളിയെക്കുറിച്ചുള്ള ആരോപണങ്ങളിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് യു.എ.പി.എ പ്രകാരം സച്ചിൻ സിരോഹിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ പ്രതിനിധി സംഘം മീററ്റ് സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ താഡയെ കാണുകയും ചെയ്തു.

Content Highlight: Man booked after he recites Hanuman Chalisa outside Meerut mosque

We use cookies to give you the best possible experience. Learn more