| Saturday, 14th November 2026, 4:16 pm

ഗുജറാത്തില്‍ ദളിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി; ആറ് യു.പി സ്വദേശികള്‍ അറസ്റ്റില്‍

റെന്വര്‍ പി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ സനിയ കാന്‍ഡെ ഗ്രാമത്തില്‍ മോഷണം ആരോപിച്ച് ദളിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. സനിയ കാന്‍ഡെ ഗ്രാമവാസിായ അനില്‍ രാത്തോഡ് (27) എന്നയാളാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സുഹൃത്ത് നീലേഷ് രാത്തോഡിനും മര്‍ദനമേറ്റിരുന്നു.

വിജയ് മൗര്യ, രാഹുല്‍ മൗര്യ, അഭിഷേക് മൗര്യ, സുമിത് സിംഗ്, സുജിത് യാദവ്, മഹേന്ദ്ര മൗര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ സൂറത്തില്‍ സ്ഥിരതാമസമാക്കിയവരാണ്.

പ്രതികള്‍ക്കെതിരെ കൊലപാതകം, അന്യായമായി തടഞ്ഞുവെക്കല്‍, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരവും ഇവര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തി.

ബുധനാഴ്ചയായിരുന്നു അനിലിനും നീലേഷിനുമെതിരായ മര്‍ദനം നടന്നത്. സനിയ കാന്‍ഡെ ഗ്രാമത്തിന് സമീപം കൃഷ്ണ സെവന്‍ സ്റ്റാര്‍ പാര്‍ട്ടി പ്ലോട്ട് എന്ന സ്ഥലത്ത് ഇവര്‍ പുല്ല് പറിക്കാന്‍ എത്തിയപ്പോള്‍ സ്ഥല ഉടമയും സംഘവും തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അനിലും നീലേഷും മോഷണം നടത്തുകയാണെന്ന് പറഞ്ഞായിരുന്നു അവര്‍ക്കെതിരെ സ്ഥല ഉടമയും സംഘവും ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനിലിനും നീലേഷിനും എതിരെ സംഘം ജാതീയ അധിക്ഷേപം നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

രണ്ട് കിലോമീറ്റര്‍ അകലെയുള്ള കരാദ്വ ഗ്രാമത്തിലെ ‘രാധാകൃഷ്ണ പാര്‍ട്ടി പ്ലോട്ട്’ എന്ന സ്ഥലത്തെത്തിച്ചാണ് പ്രതികള്‍ അനിലിനെയും നീലേഷിനെയും മര്‍ദിച്ചത്. അവിടെ വെച്ച്, കെട്ടിടത്തിന്റെ തൂണില്‍ കെട്ടിയിട്ട് തടികഷ്ണങ്ങളും ഇലക്ട്രിക് കേബിളുകളും ഉപയോഗിച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അനില്‍ അവിടെത്തന്നെ വീണുപോയിരുന്നു. എന്നാല്‍ നീലേഷ് അവിടെനിന്ന് രക്ഷപ്പെട്ടെന്നും അനിലിന്റെ അവസ്ഥ കണ്ട പ്രതികള്‍ സ്ഥലത്തുനിന്ന് ഓടിപ്പോയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നീലേഷ്, അനിലിന്റെ ഭാര്യാസഹോദരനായ പ്രകാശ് രാത്തോഡിനെ വിവരമറിയിച്ചു. പ്രകാശും കുടുംബാംഗങ്ങളും സ്ഥലത്തെത്തി അനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Content Highlight: Man abused with caste slurs, beaten to death in Gujarat on suspicion of theft; six accused arrested

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more