| Friday, 6th February 2026, 11:45 am

ഓൺലൈനിൽ പോലും രോഗത്തിന്റെ വിവരങ്ങളുണ്ടായിരുന്നില്ല; എനിക്കൊപ്പം തന്നെ ആ ഡ്രഗിന്റെ റിസർച്ചും വളർന്നുകൊണ്ടിരുന്നു: മംമ്ത മോഹൻദാസ്

നന്ദന എം.സി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്ത മോഹൻദാസ്. നടി, ഗായിക, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ മംമ്ത, ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പോരാട്ടമായിരുന്നു കാൻസർ എന്ന രോഗത്തോട്.
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമയിൽ വളർച്ച കൈവരിക്കുമ്പോഴായിരുന്നു ജീവിതത്തിലേക്ക് കാൻസർ എന്ന രോഗം കടന്നുവരുന്നത്. എന്നാൽ അതൊന്നും മംമ്തയെ തളർത്തിയില്ല. അതിജീവനത്തിന്റെ ശക്തമായ ഉദാഹരണമായി മാറുകയായിരുന്നു പിന്നീട് താരം.

മംമ്ത മോഹൻദാസ്, Photo: Mamta Mohandas/ Facebook

24-ാം വയസിലാണ് ഹോഡ്ജ്കിൻ ലിംഫോമ എന്ന കാൻസർ ബാധിച്ചതായി തിരിച്ചറിഞ്ഞതെന്ന് പറയുകയാണ് മംമ്ത. കാൻസറിനെ എങ്ങനെ നേരിടണമെന്ന് പോലും അറിയാത്ത അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം പറഞ്ഞു. വേൾഡ് കാൻസർ ഡേയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മംമ്തയുടെ ഈ വാക്കുകൾ.

‘കാൻസറിന് പ്രത്യേക ദിവസങ്ങളില്ല. ഏത് നിമിഷവും ആരെയും എന്തും ബാധിക്കാം. ലൈഫ് ഈസ് വെരി ഷോർട്ട് എന്നത് ഇപ്പോൾ എല്ലാവരും പറയുന്ന വാക്കാണ്. നിങ്ങൾ വലിയ ആളായാലും ചെറിയ ആളായാലും കാൻസർ എന്നല്ല ഏത് രോഗവും എപ്പോൾ വേണമെങ്കിലും വരാം. ഞാൻ അതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്,’ മമ്ത പറഞ്ഞു.

മംമ്ത മോഹൻദാസ്, Photo: Mamta Mohandas/ Facebook

ഹോഡ്ജ്കിൻ ലിംഫോമയെക്കുറിച്ച് അന്ന് ഓൺലൈനിൽ പോലും മതിയായ വിവരങ്ങൾ ലഭ്യമല്ലായിരുന്നുവെന്നും എന്ത് ചെയ്യണമെന്ന് തനിക്കും മാതാപിതാക്കൾക്കും ഒരു ധാരണയുമില്ലായിരുന്നുവെന്നും മമ്ത കൂട്ടിച്ചേർത്തു.

എന്ത് ചെയ്യണമെന്നൊന്നും എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല, എന്റെ മതാപിതാക്കൾക്കും. എന്റെ കാൻസർ ടൈപ്പിന്റെ റിസർച്ച് സ്റ്റഡി വരുന്നത് വർഷങ്ങൾക്ക് ശേഷമാണ്. 2014ൽ ഒരു ക്ലിനിക്കൽ സ്റ്റഡിയുടെ ഭാഗമായിട്ടുണ്ട് ഞാൻ. എല്ലാ ട്രീറ്റ്‌മെൻ്റും ഫെയിലായ സമയത്തായിരുന്നു അത്. അത്ഭുതമായിരുന്നു അത്. ആ ഡ്രഗിൻ്റെ സ്റ്റഡി നടക്കുന്നത് 1984ൽ ആയിരുന്നു ഞാൻ ജനിച്ച വർഷം. എനിക്കൊപ്പം തന്നെ അതിൻ്റെ പരീക്ഷണവും നടന്നുകൊണ്ടിരുന്നു. ആ ഡ്രഗ് കാരണമാണ് ഞാനിന്നിവിടെ നിൽക്കുന്നത്,’ മമ്ത പറഞ്ഞു.

കാൻസർ രോഗികളെ ഒരിക്കലും സഹതാപത്തോടെ നോക്കരുതെന്നും, അവർക്കാവശ്യമായത് സഹതാപമല്ല, മറിച്ച് ഒരു ചിരിയാണെന്നും മമ്ത പറഞ്ഞു. താരത്തിന്റെ ഈ വാക്കുകൾ വേദിയിലിരുന്നവരെയും പ്രേക്ഷകരെയും ഒരുപോലെ ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു.

Content Highlight: Mamta Mohandas talks about cancer

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more