സോഷ്യല്‍ മീഡിയയില്‍ വന്‍ താരങ്ങള്‍ പോലും വിമര്‍ശനത്തിന് ഇരയാകുന്ന കാലമാണിത്. ചെറിയ മിസ്‌റ്റേക്കുകള്‍ പോലും കാലങ്ങള്‍ നീണ്ടുനില്‍ക്കുന്ന ട്രോളിലേക്ക് എത്തിക്കുന്ന കാഴ്ച പലപ്പോഴായി കാണാന്‍ സാധിച്ചിട്ടുണ്ട്. പണ്ട് പറഞ്ഞ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക, അറിയാതെ അബദ്ധങ്ങള്‍ പറയുക എന്നിവയെല്ലാം ട്രോളിന് കാരണമായേക്കാം.
അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇരയായിരിക്കുന്ന രണ്ട് നടിമാരാണ് അപര്‍ണ ബാലമുരളിയും മംമ്ത മോഹന്‍ദാസും. ഇരുവരും അടുത്തിടെ ഭാഗമായ രണ്ട് പരസ്യ വീഡിയോകള്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചു. ജ്യോതിഷം പ്രൊമോട്ട് ചെയ്യുന്ന ആസ്‌ട്രോ ടോക്ക് എന്ന ആപ്പിന്റെ പരസ്യമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
അപര്‍ണ ഭാഗമായ നാല് പരസ്യങ്ങളാണ് ആസ്‌ട്രോ ടോക്കിന്റെ പേജില്‍ വന്നത്. എന്തിനും ഏതിനും ജ്യോതിഷത്തെ സപ്പോര്‍ട്ട് ചെയ്യുന്നയാളായിട്ടാണ് അപര്‍ണ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഹിറ്റ് സിനിമകളിലൊന്നായ സണ്‍ഡേ ഹോളിഡേയിലെ ഡയലോഗുമായി ബന്ധപ്പെടുത്തിയാണ് പലരുടെയും വിമര്‍ശനം.
ചിത്രത്തില്‍ അപര്‍ണ അവതരിപ്പിച്ച കഥാപാത്രം ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിനായി എത്തുമ്പോള്‍ അവിടെ ‘ഐശ്വര്യ മണിചന്ദനമാല’ എന്ന പ്രൊഡക്ടിന്റെ പരസ്യമാണെന്ന് അറിയുകയും ആളുകളെ പറ്റിക്കുന്ന പ്രൊഡക്ടിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് അവിടുന്ന് ഇറങ്ങുകയുമാണ്. എന്നാല്‍ സിനിമയില്‍ മാത്രമേ മാസ് സീനുള്ളൂവെന്നും റിയല് ലൈഫില്‍ അത്തരം ആദര്‍ശങ്ങളൊന്നും അപര്‍ണക്കില്ലെന്നുമാണ് വിമര്‍ശനം.
കാന്‍സറിനെ വരെ പൊരുതി തോല്പിച്ച് സിനിമയില്‍ സജീവമായ മംമ്തയും ഇത്തരം പരസ്യങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലോകം മുന്നോട്ട് കുതിക്കുമ്പോള്‍ ജ്യോതിഷം പോലെ അന്ധവിശ്വാസം പരത്തുന്ന കാര്യങ്ങള്‍ ആളുകളിലേക്കെത്തിക്കാന്‍ സിനിമാതാരങ്ങള്‍ ശ്രമിക്കുന്നത് മോശമായ കാര്യമാണെന്നും കമന്റുകളുണ്ട്. ഇരുവര്‍ക്കും ഇപ്പോള്‍ സിനിമയൊന്നുമില്ലേയെന്നും ചിലര്‍ ചോദിക്കുന്നു.
എന്നാല്‍ എന്ത് പരസ്യം ചെയ്യണം. ഏത് സിനിമ ചെയ്യണമെന്നുമെല്ലാം ഒരോരുത്തരുടെയും പേഴ്‌സണല്‍ ചോയിസാണെന്നും അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ഇരു താരങ്ങളെയും ന്യായീകരിച്ചുകൊണ്ട് ചില കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആളുകളുടെ വിശ്വാസം ചൂഷണം ചെയ്യുന്ന ഇത്തരം ആപ്പുകളെ നിലക്ക് നിര്‍ത്തേണ്ടത് ഗവണ്മെന്റാണെന്നും അതില്‍ താരങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Mamta Mohandas and Aparna Balamurali getting criticisms for doing Astro talk app Advertisement
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ