| Monday, 23rd October 2023, 3:05 pm

കണ്ണൂർ സ്‌ക്വാഡിൽ മറ്റൊരു കഥാപാത്രം ചെയ്യാൻ മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂർ സ്‌ക്വാഡിലെ ചോഴൻ എന്ന കഥാപാത്രം ചെയ്യാൻ വേണ്ടി മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നെന്ന് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. അഭിനയത്തിന്റെ കാര്യത്തിൽ താൻ ഭയങ്കര പാഷനേറ്റ് ആണെന്ന് മമ്മൂട്ടിക്ക് അറിയാമെന്നും പൊലീസ് കഥാപാത്രമല്ലാതെ വേറെ ഏതെങ്കിലും കഥാപാത്രം നോക്കണമോ എന്ന് അദ്ദേഹം തന്നോട് ചോദിച്ചിരുന്നെന്നും റോണി കൂട്ടിച്ചേർത്തു.

താൻ നന്നായി തമിഴ് സംസാരിക്കുന്നതുകൊണ്ട് ചോഴൻ കഥാപാത്രം ചെയ്യാൻ വേണ്ടി മമ്മൂട്ടി പറഞ്ഞിരുന്നെന്നും എന്നാൽ താൻ തമിഴ് സംസാരിച്ചാൽ റോണി എന്നുള്ള ആക്ടർ തമിഴ് പറയുന്നതായിട്ടേ ഫീൽ ചെയ്യുകയുള്ളൂ എന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞിരുന്നെന്നും താരം പറയുന്നുണ്ട്. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ഭയങ്കര പാഷനേറ്റ് ആയിരുന്നു. മമ്മൂക്കക്കും ആ കാര്യം മനസ്സിലായി. ‘വേറെ ഏതെങ്കിലും ക്യാരക്ടർ നമുക്ക് നോക്കണോ, നീ പൊലീസ് ചെയ്തിട്ടില്ലേ’ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചിരുന്നു. ഞാൻ ചെയ്തോട്ടെ മമ്മൂക്ക എന്ന് പലതവണ പറഞ്ഞപ്പോൾ, ‘നീ നന്നായിട്ട് തമിഴ് സംസാരിക്കുമല്ലോ എന്തുകൊണ്ട് ചോഴൻ കഥാപാത്രം ചെയ്യുന്നില്ല’ എന്ന് ചോദിച്ചു. ഞാനൊരു മലയാളം ആക്ടർ ആണെന്ന് എല്ലാവർക്കും അറിയാം. ഞാൻ ഏത് രീതിയിൽ തമിഴ് പറഞ്ഞാലും റോണി എന്നുള്ള ആക്ടർ തമിഴ് പറയുന്നതായിട്ടേ ഫീൽ ചെയ്യുകയുള്ളൂ.

ചോഴൻ കഥാപാത്രത്തിനായി നമുക്ക് ഒരുപാട് ഓപ്ഷൻസുണ്ട്. പ്രകാശ് രാജ് സാർ, രണ്ടാമത്തെ ഓപ്ഷൻ സത്യരാജ് സാർ, പിന്നെ ക്യാമറാമാൻ നടരാജ് സുബ്രമണ്യൻ സാർ ഇവരെയൊക്കെ നമ്മൾ ആലോചിച്ചിരുന്നു. ഒരു ഗത്യന്തരവും ഇല്ലാതായപ്പോഴാണ് നമ്മൾ കിഷോർ സാറിലേക്ക് എത്തിയത്. പക്ഷേ അത് ബെസ്റ്റ് ഓപ്ഷൻ ആയിരുന്നു,’ റോണി ഡേവിഡ് പറഞ്ഞു.

ലിയോ തരംഗത്തിനിടയിലും മികച്ച കളക്ഷനുമായി കണ്ണൂര്‍ സ്‌ക്വാഡ് മുന്നേറുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രം കേരളത്തില്‍ നിന്ന് മാത്രം 40 കോടിയോളം രൂപ കളക്ഷനായി നാലാം ആഴ്ച്ചയില്‍ സ്വന്തമാക്കിയെന്നാണ് സിനിമ ട്രാക്കിങ് പേജുകള്‍ പറയുന്നത്.

കണ്ണൂര്‍ സ്‌ക്വാഡ് ലോകമെമ്പാടും നിന്നായി 80 കോടി കളക്ഷന്‍ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. കൊച്ചി മള്‍ട്ടി പ്ലക്‌സില്‍ നിന്നായി ചിത്രം 2 കോടി രൂപയും നേടിയിട്ടുണ്ട്. കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Content Highlight: Mammooty asked roni to do ‘chozhan’ character in kannur squad

We use cookies to give you the best possible experience. Learn more