| Saturday, 18th July 2026, 6:34 pm

ചാത്തന്‍ തൂക്കി മക്കളേ... മികച്ച നടന്‍ മമ്മൂട്ടി

അമര്‍നാഥ് എം.

72ാമത്ത ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. 400ലധികം സിനിമകള്‍ മാറ്റുരച്ച പുരസ്‌കാരത്തിന്റെ അവസാന റൗണ്ടില്‍ കടുത്ത മത്സരമായിരുന്നു നടന്നത്. മികച്ച നടനുള്ള പുരസ്‌കാരം വീണ്ടും തന്റെ ഷെല്‍ഫിലെത്തിച്ച് മമ്മൂട്ടി ചരിത്രമെഴുതിയിരിക്കുകയാണ്. ഭ്രമയുഗത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

രണ്ട് പേര്‍ക്ക് പുരസ്‌കാരം പങ്കുവെക്കുകയായിരുന്നു. ചന്തു ചാമ്പ്യനിലെ പ്രകടനത്തിന് കാര്‍ത്തിക് ആര്യനെയും മികച്ച നടനായി തെരഞ്ഞെടുത്തിരുന്നു. അവാര്‍ഡിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലരും മമ്മൂട്ടിയുടെ പേര് തന്നെയായിരുന്നു പ്രവചിച്ചത്. കരിയറിലെ പുതിയ ഫേസില്‍ മമ്മൂട്ടി എന്ന നടന്‍ സിനിമാലോകത്തെ ഞെട്ടിച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഭ്രമയുഗത്തില്‍ കാഴ്ചവെച്ചത്.

രാഹുല്‍ സദാശിവന്‍ അണിയിച്ചൊരുക്കിയ ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായും പകരം വെക്കാനില്ലാത്ത പെര്‍ഫോമന്‍സായിരുന്നു മമ്മൂട്ടിയുടേത്. ഫിലിംഫെയര്‍ അവാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ വേദികളിലെല്ലാം ചാത്തന് വെല്ലുവിളിയുയര്‍ത്താന്‍ ആരും ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ പുരസ്‌കാരമാണിത്.

1989 (വിധേയന്‍, പൊന്തന്‍മാട), 1993 (മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ), 1998 (ഡോക്ടര്‍ ബാബാസാഹേബ് അംബേദ്കര്‍) എന്നീ ചിത്രങ്ങള്‍ക്കാണ് മുമ്പ് മമ്മൂട്ടിയെ തേടി പുരസ്‌കാരങ്ങള്‍ എത്തിയത്. മുമ്പ് പലതവണ കപ്പിനും ചുണ്ടിനുമിടയില്‍ മമ്മൂട്ടിക്ക് അവാര്‍ഡ് നഷ്ടമായിരുന്നു. 2019ല്‍ പേരന്‍പ്, 2023ല്‍ നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പലരും മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം നഷ്ടമാവുകയായിരുന്നു.

ഇത്തവണ മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ നിന്ന് ആസിഫ് അലി, വിജയരാഘവന്‍ എന്നിവരുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിലെ പ്രകടനമായിരുന്നു ഇരുവരെയും അവസാന റൗണ്ടിലെത്തിച്ചത്. മഹാരാജയിലെ പ്രകടനത്തിന് വിജയ് സേതുപതി, മെയ്യഴകനിലെ പ്രകടനത്തിന് കാര്‍ത്തി എന്നിവരുടെ പേരും ഉയര്‍ന്നുകേട്ടെങ്കിലും ചാത്തനെ മറികടക്കാന്‍ ഇതൊന്നും പോരാതെ വരികയായിരുന്നു.

Content Highlight: Mammootty won the National Award for the performance in Bramayaugam

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more