ഏറെ കാത്തിരുന്ന കളങ്കാവലിന്റെ റിലീസ് മാറ്റിയത് ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരുപോലെ നിരാശ സമ്മാനിച്ചിരിക്കുകയാണ്. നവംബര്‍ 27ന് റിലീസ് പ്രഖ്യാപിച്ച ചിത്രം കഴിഞ്ഞദിവസമാണ് വൈകുമെന്ന് അറിയിച്ചത്. പുതിയ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ ആദ്യവാരം റിലീസ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ 2026ല്‍ മാത്രമേ ചിത്രം തിയേറ്ററുകളിലെത്തുകയുള്ളൂ.
അങ്ങനെ വന്നാല്‍ ഈ വര്‍ഷം മമ്മൂട്ടിക്ക് തിയേറ്റര്‍ ഹിറ്റ് ഉണ്ടാകില്ലെന്ന കാര്യമാണ് ആരാധകരെ നിരാശരാക്കുന്നത്. 2012 മുതല്‍ ഇങ്ങോട്ട് എല്ലാ വര്‍ഷവും മമ്മൂട്ടിക്ക് ഹിറ്റുകളുണ്ട്. തുടര്‍ച്ചയായി 12 വര്‍ഷം തിയേറ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടിക്ക് 2025ല്‍ ഇതുവരെ ഹിറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഈ വര്‍ഷം താരത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ ശോഭിക്കാന്‍ സാധിച്ചിട്ടില്ല.
ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ഗംഭീര റിവ്യൂ ലഭിച്ചിട്ടും പ്രൊമോഷന്റെ കുറവ് കാരണം പ്രേക്ഷകരിലേക്കെത്തിയിരുന്നില്ല. പിന്നാലെയെത്തിയ ബസൂക്ക വിഷു റിലീസില്‍ പരാജയം രുചിച്ചു. ആരാധകര്‍ പിന്നീട് പ്രതീക്ഷ വെച്ചത് മുഴുവന്‍ കളങ്കാവലിലായിരുന്നു. മേയില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.
ഇതിനിടയില്‍ മമ്മൂട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ കാരം ഇടവേളയെടുക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ തിരിച്ചുവരവ് ഗ്രാന്‍ഡാക്കുന്ന ചിത്രമായിട്ടാണ് കളങ്കാവലിനെ കണക്കാക്കിയത്. എന്നാല്‍ ഇപ്പോള്‍ റിലീസ് മാറ്റിയത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പുതിയ റിലീസ് തിയതി ഈ വര്‍ഷം തന്നെ ആകണമെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
കരിയറിലെ മോശം കാലഘട്ടമെന്ന് പലരും കണക്കുകൂട്ടുന്ന 2012-2019 കാലഘട്ടത്തില്‍ വര്‍ഷത്തില്‍ ഒരു ഹിറ്റെങ്കിലും മമ്മൂട്ടിയുടേതായി വന്നിട്ടുണ്ട്. കൊവിഡിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷനിലെല്ലാം അടിമുടി മാറ്റം വരുത്തിയ മമ്മൂട്ടി കേരളത്തിന് പുറത്തും ചര്‍ച്ചയായി മാറിയിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം സ്വന്തമാക്കാനായില്ലെങ്കിലും നടന്‍ എന്ന നിലയില്‍ മമ്മൂട്ടി എന്ന പേര് ഈ വര്‍ഷം അടയാളപ്പെടുത്തി. മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് ഏഴാമതും തന്റെ പേരിലാക്കി മമ്മൂട്ടി ചരിത്രത്തില്‍ ഇടംനേടി.
അതേസമയം കളങ്കാവല്‍ കഴിഞ്ഞദിവസം റീ സെന്‍സര്‍ ചെയ്യപ്പെട്ടിരുന്നു. രണ്ട് മണിക്കൂര്‍ 32 മിനിറ്റുണ്ടായിരുന്ന ചിത്രത്തില്‍ നിന്ന് അഞ്ച് മിനിറ്റോളം നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താലാണ് റിലീസ് മാറ്റിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മമ്മൂട്ടി എന്ന പെര്‍ഫോമര്‍ വിസ്മയിപ്പിക്കുന്ന കളങ്കാവലിനായി സിനിമാലോകം കാത്തിരിക്കുകയാണ്.
Content Highlight: Mammootty won’t have a hit in 2025 if Kalamkaaval postponed to next year