| Thursday, 22nd October 2026, 7:59 pm

ഓമിന് ദിവസങ്ങളെണ്ണി കാത്തിരുന്ന് മമ്മൂട്ടി ആരാധകര്‍; രാജ്കുമാര്‍ പെരിയസ്വാമിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് താരം

അശ്വിന്‍ രാജേന്ദ്രന്‍

എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. എഴുപത്തിയഞ്ചാം വയസിലും നല്ല ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന താരം തന്റെ നാലാമത്തെ നാഷണല്‍ അവാര്‍ഡായിരുന്നു ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്. ഭ്രമയുഗത്തിനൊപ്പം കാതല്‍ ദി കോര്‍, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, ഉണ്ട തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്തിരിക്കുന്നത്.

എന്നാല്‍ മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് ഒരു കംപ്ലീറ്റ് മാസ് ആക്ഷന്‍ മസാല ചിത്രത്തിനായാണ്. നിതീഷ് സഹദേവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മേളയ്‌ക്കൊപ്പം ഏവരും കാത്തിരിക്കുന്നത് തമിഴ് ചിത്രം ഓമിനായാണ്. ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്ന രാജ്കുമാര്‍ പെരിയസ്വാമിയുടെ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്.

ഓം. Photo: X.com

സൗത്ത് ഇന്ത്യയിലെ സെന്‍സേഷനായ സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ടീസറായ സിയ എന്‍ട്രിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടീസറിലുടീളം മമ്മൂട്ടിയുടെ ഓറയായിരുന്നു കാണാന്‍ സാധിച്ചത്. അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ നോട്ടമിട്ടിരിക്കുന്ന നൊട്ടോറിയസ് ഗ്യാങ്സ്റ്ററാണ് കാര്‍ത്തികേയന്‍ എന്ന് ടീസര്‍ പറഞ്ഞുവെക്കുന്നുണ്ട്. കള്ളക്കടത്തുകാരനാണെങ്കിലും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടയാളാണ് സിയാ എന്നറിയപ്പെടുന്ന കാര്‍ത്തികേയന്‍. മമ്മൂട്ടി എന്ന നടനെക്കാള്‍ അദ്ദേഹത്തിലെ സ്റ്റാറിനെ ഫോക്കസ് ചെയ്യുന്ന കഥാപാത്രമാണിതെന്ന് ടീസര്‍ സൂചന നല്‍കുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയ സ്വാമിയ്ക്ക് ജന്മദിനാശംസകള്‍ അറിയിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ രംഗൂണ്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് രാജ്കുമാര്‍ പെരിയസ്വാമി. എന്നാല്‍ സംവിധായകന് വലിയ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ അമരന്‍. ശിവകാര്‍ത്തികേയനും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ ചിത്രം വലിയ നിരൂപക പ്രശംസയായിരുന്നു നേടിയത്.

ഓം. Photo: X.com

അമരന്റെ സംവിധായകന്‍ മമ്മൂട്ടിയെ നായകനായി ഒരു ചിത്രം പുറത്തിറക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ട്രൂ ക്രൈം ഴോണറില്‍ ഒരു ഇമോഷണല്‍ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് സംവിധായകന്‍ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൗഹൃദത്തെ കുറിച്ചായിരിക്കും കഥയെന്നും ഒരു റീജ്യണില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത വിധത്തില്‍ യൂണിവേഴ്‌സല്‍ അപ്പീലുള്ള കഥയാണ് ചിത്രത്തിന്റേതെന്നും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു.

Content Highlight:  Mammootty wishes Director Rajkumar periyaswamy on his birthday

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more