| Thursday, 9th April 2026, 8:44 pm

മീര ഹരിക്കൊപ്പം പോകുന്നത് കാണണമെങ്കില്‍ ആ തിയേറ്ററില്‍ പോയാല്‍ മതി; ഹരികൃഷ്ണന്‍സിന്റെ ഡബിള്‍ ക്ലൈമാക്‌സിനെ കുറിച്ച് മമ്മൂട്ടി

അശ്വിന്‍ രാജേന്ദ്രന്‍

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഈ ഇഷ്ടത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സിനിമാ പ്രേക്ഷകരുടെ ചര്‍ച്ചയില്‍ ചിത്രം ഇടംപിടിക്കുന്നതും ഈ കാരണം കൊണ്ട് തന്നെ.

ഹരികൃഷ്ണന്‍സ്. Photo: JioHotstar

ചിത്രം കണ്ടവരില്‍ എപ്പോഴും അവശേഷിച്ച സംശയമായിരുന്നു ചിത്രത്തിലെ നായികയായ ജൂഹി ചൗള അവതരിപ്പിച്ച മീര എന്ന കഥാപാത്രം ആരെയായിരിക്കും തെരഞ്ഞെടുത്തത് എന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കൃഷ്ണനെയാണെന്ന് ഒരു വാദമുയരുമ്പോള്‍ മമ്മൂട്ടി അവതരിപ്പിച്ച ഹരിയെയാണെന്ന മറുവാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ രണ്ട് ക്ലൈമാക്‌സോടെയായിരുന്നു സംവിധായകന്‍ ചിത്രം റിലീസ് ചെയ്തിരുന്നത്. ഇത്തരത്തില്‍ ചിത്രം റിലീസ് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ചിത്രത്തിലെ ഡബിള്‍ ക്ലൈമാക്‌സ് ഒരു മാര്‍ക്കറ്റിങ് ടെക്‌നിക്കായിരുന്നു. ചിത്രത്തിന്റെ ചില പ്രിന്റുകളില്‍ ഏതെങ്കിലും ഒരു നായകനൊപ്പമായിരിക്കും നായിക പോകുക. അതേസമയം മറ്റൊരു തിയേറ്ററില്‍ രണ്ടാമത്തെ നായകനൊപ്പം നായിക പോകും. ഇരു തിയേറ്ററുകളില്‍ നിന്നും സിനിമ കണ്ടിറങ്ങിയവരും എന്തായാലും ക്ലൈമാക്‌സിനെ കുറിച്ച് ഡിസ്‌കസ് ചെയ്യും. മറ്റൊരു ക്ലൈമാക്‌സുണ്ടന്നറിയുമ്പോള്‍ ആളുകള്‍ ഒരിക്കല്‍ കൂടി സിനിമ കാണും.

അത്തരത്തില്‍ കൂടുതല്‍ ആളുകളെ കൊണ്ട് സിനിമ കാണിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ചില പ്രശ്‌നങ്ങള്‍ ഇടയില്‍ നടന്നിട്ടുണ്ടായിരുന്നു. എന്റെ കഥാപാത്രത്തിന് നായികയെ കിട്ടുന്ന പ്രിന്റ് അവര്‍ എനിക്ക് ആരാധകര്‍ കൂടുതലുള്ള തിയേറ്ററിലേക്കാണ് അയച്ചത്. ആരാധകരെ നമുക്ക് എണ്ണാന്‍ കഴിയില്ലാലോ. നിങ്ങള്‍ക്ക് മമ്മൂട്ടിക്ക് നായികയെ കിട്ടുന്നത് കാണണമെങ്കില്‍ ഈ തിയേറ്ററില്‍ പോകണമെന്നും മോഹന്‍ലാലിന് കിട്ടുന്നത് കാണണമെങ്കില്‍ മറ്റേ തിയേറ്ററില്‍ പോകണമെന്നുമുള്ള ഒരു ഉദ്ദേശം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്,’മമ്മൂട്ടി പറഞ്ഞു.

ഹരികൃഷ്ണന്‍സ്. Photo: IMDB

മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പ്രണവം ആര്‍ട്ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മിച്ച ചിത്രത്തില്‍ ഇന്നസെന്റ്, കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ബേബി ശ്യാമിലി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് മെയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തുന്ന പേട്രിയറ്റാണ് മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന പുതിയ ചിത്രം.

Content Highlight: Mammootty Talks about the reason behind dual climax of Harikrishnan’s Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more