| Wednesday, 8th April 2026, 9:51 pm

പേട്രിയറ്റില്‍ കഥക്കാണ് പ്രസക്തി, സ്റ്റാര്‍ഡത്തിനല്ല: മമ്മൂട്ടി

അശ്വിന്‍ രാജേന്ദ്രന്‍

നിലവില്‍ മലയാള സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്നുമ്പോള്‍ വലിയ ആവേശമാണ് ചിത്രം പ്രേക്ഷകരില്‍ തീര്‍ക്കുന്നത്. താരങ്ങളുടെ സ്റ്റാര്‍ഡത്തിനൊപ്പം മികച്ചൊരു ദൃശ്യാനുഭവവും ഗ്യാരണ്ടി നല്‍കുന്നതായിരുന്നു കഴിഞ്ഞയാഴ്ച്ച പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍.

മമ്മൂട്ടിയും മോഹന്‍ലാലും. Photo: Movies Singapore

ചിത്രവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രിയതാരം മമ്മൂട്ടി നല്‍കിയ അഭിമുഖത്തില്‍ പേട്രിയറ്റിന്റെ ഉള്ളടക്കത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തെ പലരും മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍ഫൈറ്റായി കാണുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

‘തീര്‍ച്ചയായും ഞാനും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതിനാല്‍ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. പക്ഷേ ഈ ചിത്രം ഞങ്ങളുടെ സ്റ്റാര്‍ഡത്തെ ചുറ്റിപ്പറ്റിയല്ല നടക്കുന്നത്. ഞങ്ങള്‍ രണ്ട് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പേട്രിയറ്റില്‍ അതിന്റെ ഉള്ളടക്കത്തിനാണ് പ്രാധാന്യം. പലയിടത്തും കൊമേഷ്യല്‍ എലമെന്റ്‌സ് നിങ്ങള്‍ക്ക് കാണാനാകുമെങ്കിലും കഥക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഇതേ ധാരണയില്‍ തന്നെ പ്രേക്ഷകരെ ചിത്രം കാണാന്‍ തയ്യാറാക്കേണ്ടതുണ്ട്. രണ്ട് ഹീറോസ് രണ്ട് സൈഡില്‍ നിന്നും വന്ന് കൈ കോര്‍ക്കുന്ന പരിപാടി ഇതിലില്ല. ഞങ്ങള്‍ സുഹൃത്തുക്കളായാണ് വേഷമിടുന്നത് പക്ഷേ അത് വളരെ വ്യത്യസ്തമായ സാഹചര്യത്തിലാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നായികമാരില്ല. പക്ഷേ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. ഇതൊരു ഫോര്‍മുലകളുടെ അടിസ്ഥാനത്തിലുള്ള ചിത്രമല്ല, പക്ഷേ ഒരു ഫോര്‍മുല സൃഷ്ടിക്കുന്ന ചിത്രമായി പേട്രിയറ്റ് മാറിയേക്കാം,’ മമ്മൂട്ടി പറഞ്ഞു.

പേട്രിയറ്റ്‌. Photo: The Hindu

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ടാഗില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയരും പ്രധാനവേഷത്തിലെത്തുന്നു. നേരത്തേ എപ്രില്‍ 22നാണ് ചിത്രം റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മെയ് 1 ലേക്ക് മാറ്റുകയായിരുന്നു.

Content Highlight: Mammootty talks about Patriot movie and its content

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more