| Sunday, 3rd May 2026, 9:45 pm

പേട്രിയറ്റ് പാന്‍ ഇന്ത്യനായെടുത്തിട്ടില്ല, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മറ്റുള്ളവരെ കാണിക്കാം: മമ്മൂട്ടി

അശ്വിന്‍ രാജേന്ദ്രന്‍

ട്വന്റി-20 എന്ന ജോഷി ചിത്രത്തിന് ശേഷം മലയാള സിനിമയുടെ അമരക്കാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്നതിലുപരി കഥയക്ക് പ്രധാന്യം നല്‍കുന്ന ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

മമ്മൂട്ടി. Photo: X.com

മാലിക്കിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം അതിന്റെ ടെക്‌നിക്കല്‍ വശങ്ങളിലും കഥ പറച്ചിലിലും മികച്ച് നില്‍ക്കുന്നുണ്ടെങ്കിലും മോഹന്‍ലാലിനെ ചിത്രത്തില്‍ ഉപയോഗിച്ച രീതി ശരിയായില്ലെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെയുള്ള നെഗറ്റീവ് റിവ്യസില്‍ ഭൂരിഭാഗവും പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ മള്‍ട്ടി സ്റ്റാര്‍ കാസ്റ്റുള്ള ചിത്രത്തില്‍ താരങ്ങളുടെ മാസിനല്ല സംവിധായകന്‍ പ്രധാന്യം നല്‍കിയിരിക്കുന്നതെന്നും കാലിക പ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെന്നും പറഞ്ഞുകൊണ്ട് പേട്രിയറ്റിനെ പ്രശംസിച്ചെത്തുന്നവരെയും കാണാം.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ പേട്രിയറ്റിന്റെ റിലീസിന് മുമ്പ് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത്രയും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം പാന്‍ ഇന്ത്യന്‍ റിലീസാണോ ചെയ്യുക എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേട്രിയറ്റ് ഇവിടുത്തെ പ്രേക്ഷകന് വേണ്ടിയെടുത്ത സിനിമയാണെന്നും പാന്‍ ഇന്ത്യന്‍ ആക്കാന്‍ നോക്കിയിട്ടില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. മലയാളി ഓഡിയന്‍സിന് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആ ധൈര്യത്തില്‍ നമുക്ക് മറ്റുള്ളവരെ ചിത്രം കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ മുടക്കുമുതലില്‍ വന്ന ചിത്രത്തെ പാന്‍ ഇന്ത്യന്‍ ആക്കേണ്ടത് പ്രേക്ഷകന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേട്രിയറ്റ്. Photo: IMDB

പെഗാസസ്, സഞ്ചാര്‍ സാഥി തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല സംഭവങ്ങളെയും കുറിച്ച് ചിത്രത്തില്‍ സംവിധായകന്‍ പ്രതിപാദിക്കുന്നുണ്ട്. സമകാലിക സാഹചര്യത്തില്‍ പല ഇന്‍ഡസ്ട്രികളും ചെയ്യാന്‍ ഭയപ്പെടുന്ന തരത്തിലുള്ള വിഷയം വലിയ സ്‌കെയിലിലുള്ള സിനിമയാക്കി മാറ്റിയതിന് മഹേഷ് നാരായണന് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും പ്രശംസയും ലഭിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ലോണ്‍ ആപ്പുകളുടെ ചൂഷണം, ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗം തുടങ്ങിയവയും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

Content Highlight: Mammootty talks about pan Indian approach of patriot Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more