| Tuesday, 17th February 2026, 2:00 pm

എല്ലാവരും ശ്വാസം വലിക്കും, എന്നാൽ എനിക്കത് പോലുമുണ്ടായിരുന്നില്ല; ഇപ്പോഴാണ് അത് തിരികെ കിട്ടിത്തുടങ്ങിയത്: മമ്മൂട്ടി

നന്ദന എം.സി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. എന്നും അഭിമാനത്തോടെ എവിടെയും പറയാൻ കഴിയുന്ന ഒരു പേരാണ് മമ്മൂട്ടിയുടേത്. സമീപകാലത്ത് താരം മൂന്ന് മാസത്തിലേറെ അസുഖബാധിതനായി ചികിത്സയിലായിരുന്നെന്ന വാർത്ത മലയാളികളെ ഏറെ വിഷമത്തിലാക്കിയിരുന്നു.

എന്നാൽ അതിനേക്കാൾ പതിന്മടങ്ങ് ആരോഗ്യവാനായി തന്നെ അദ്ദേഹം തിരിച്ചു വരികയും ചെയ്തു. അദ്വൈത് നായർ സംവിധാനം ചെയ്ത ‘ചത്താപച്ച’ എന്ന ചിത്രത്തിലൂടെ വാൾട്ടർ എന്ന കാമിയോ വേഷത്തിൽ എത്തിയ താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ കേൾവിക്കുറവ് അനുഭവിക്കുന്ന നിരാലംബർക്കായി ശബ്‌ദത്തിന്റെ ലോകത്തിലേക്കുള്ള വാതിൽ തുറക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. രാജഗിരി ഹോസ്പിറ്റൽ സഹകരണത്തോടെ നടപ്പിലാക്കുന്ന സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി ‘കാതോട് കാതോരം’ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് താരം താൻ അനുഭവിച്ച കഷ്ടതകളെ കുറിച്ച് മനസുതുറന്നത്‌.

മമ്മൂട്ടി, Photo: Mammootty/ Facebook

ജീവിതത്തിൽ ഒരിക്കൽ പോലും ശബ്‌ദം കേട്ടിട്ടില്ലാത്ത ഒരാൾക്ക് പെട്ടെന്നൊരു ദിവസം അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു.

‘ഞാൻ ഷൂട്ടിങ്ങിനിടെ ഒരാൾക്ക് കാതിൽ വെക്കാൻ ഒരു ശ്രവണസഹായി വാങ്ങികൊടുത്തിരുന്നു. അയാൾ അത് കുറച്ച് നേരം വച്ചിട്ട് എടുത്ത് എറിഞ്ഞുകളഞ്ഞു. കാരണം ‘ശബ്‌ദം’ എന്ന അനുഭവം അയാൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാൾ പോയി. പിന്നീട് ഒരിക്കലും ആ ശ്രവണസഹായി ഉപയോഗിച്ചിട്ടില്ല,’ മമ്മൂട്ടി പറഞ്ഞു.

ആരോഗ്യത്തെയും ഇന്ദ്രിയങ്ങളുടെ പ്രാധാന്യത്തെയും കുറിച്ച് സംസാരിക്കവേ താൻ അസുഖനാളുകളിൽ അനുഭവിച്ച അവസ്ഥയും താരം തുറന്നു പറഞ്ഞു.

മമ്മൂട്ടി, Photo: Mammootty/ Facebook

‘കാഴ്ചയും കേൾവിയുമാണ് മനുഷ്യന് ഏറ്റവും ആവശ്യമായത്. ശ്വാസം വലിക്കുകയും വേണം. മണമില്ലെങ്കിലും നമ്മൾ ശ്വാസം വലിക്കും. കുറേക്കാലത്തേക്ക് എനിക്ക് രുചിയും മണവും ഇല്ലായിരുന്നു. ഇപ്പോഴാണ് അത് തിരികെ കിട്ടിത്തുടങ്ങിയത്.

കേൾവി ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവർക്കുവേണ്ടിയാണ് ഈ പദ്ധതി. നന്മ ചെയ്യുക, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക ഇതാണ് ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം,’ മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഇതിനിടെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പദയാത്ര’യാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയായ ഇതിന്റെ , തിരക്കഥ, സംഭാഷണം എന്നിവ അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ഒരുക്കുന്നത്. വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.

‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlight: Mammootty talks about his time of illness

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more