| Monday, 26th January 2026, 9:52 pm

ഫാത്തിമാ ആ ഫാനൊന്നിട്ടേ; ഇത്തരം സിനിമകള്‍ കാണാന്‍ ആളുള്ളതാണ് മലയാള സിനിമയുടെ വിജയം: മമ്മൂട്ടി

അശ്വിന്‍ രാജേന്ദ്രന്‍

Photo: Prime video

മമ്മൂട്ടി എന്ന നടനുപരി മലയാള സിനിമക്കാകെ അഭിമാനവും സന്തോഷവും നല്‍കിയ നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം കടന്നുപോയത്. ഏഴാമത്തെ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ അതേ ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണും മമ്മൂട്ടിയെ തേടിയെത്തിയത് മലയാള സിനിമക്ക് ഇരട്ടി മധുരമായിരുന്നു.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം സിനിമയിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനായിരുന്നു താരത്തിന് പുരസ്‌കാരം ലഭിച്ചത്. വെള്ള മുണ്ടും ജുബ്ബയും ധരിച്ച് പുരസ്‌കാരം വാങ്ങാനെത്തിയ താരത്തിന്റെ പ്രസംഗവും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടൊവിനോയെയും ആസിഫിനെയും കുറിച്ച് പറഞ്ഞതിനൊപ്പം ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

‘ഈ അടുത്ത ദിവസം ഞാന്‍ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ കണ്ടു, നിങ്ങളില്‍ പലരും കണ്ട് കാണും. പുരുഷാധിപത്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത് എങ്കിലും നമ്മള്‍ എല്ലാവരും ഒരിക്കലെങ്കിലും ഭാര്യയോടൊന്ന് ഫാനിടാന്‍ പറഞ്ഞുകാണും. ആ സിനിമയിലെ ഭര്‍ത്താവിന്റെ പ്രധാന ജോലി ‘ഫാത്തിമ ആ ഫാനൊന്നിട്ടേ’ എന്ന് പറയുകയാണ്.

ഇത്തരം സിനിമകള്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. മലയാളികള്‍ക്ക് മാത്രമേ അങ്ങനെയൊരു സിനിമ ചിന്തിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുകയുള്ളൂ. എന്നോടൊപ്പം മറ്റ് ഭാഷാ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകര്‍ എപ്പോഴും ചോദിക്കാറുണ്ട് മലയാള സിനിമക്ക് മാത്രമെങ്ങനെയാണ് ഇത്ര നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന്. അതിനൊറ്റ ഉത്തരമേയുള്ളൂ ഇവിടെ അത് കാണാന്‍ ആളുള്ളത് കൊണ്ടാണ്,’ മമ്മൂട്ടി പറയുന്നു.

ഷംല ഹംസ. Photo: Cinema Express

നവാഗതനായ ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച് വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഫെമിനിച്ചി ഫാത്തിമ. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്ത് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Content Highlight: Mammootty talks about Feminichi Fathima movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more