ഒരു ജീവിതകാലം കൊണ്ട് എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ അഭിനേതാവാണ് മമ്മൂട്ടി. പ്രായം എഴുപത് പിന്നിട്ടെങ്കിലും പല സൂപ്പര്‍താരങ്ങളും ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് വലിയ സംഭാവനയാണ് താരം നല്‍കിക്കൊണ്ടിരിക്കുന്നത്. ഭ്രമയുഗം, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, തുടങ്ങി താരത്തിന്റെ വേഴ്‌സറ്റാലിറ്റി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
താരത്തിനൊപ്പം മലയാളികളുടെ പ്രിയങ്കരനായ മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന പുതിയ ദൃശ്യവിരുന്ന്. മെയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് പേട്രിയറ്റ് ടീം നല്‍കുന്ന അഭിമുഖങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത്തരത്തില്‍ ചിത്രത്തിലെ അഭിനേതാക്കള്‍ ഒന്നിച്ചെത്തി കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി അഭിനയജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
പേട്രിയറ്റ് . Photo: The Hindu
നാലുപതിറ്റാണ്ടിലധികമായി അഭിനയജീവിതം നയിക്കുമ്പോള്‍ മടുപ്പ് തോന്നിയിട്ടില്ലേ എന്നും എന്താണ് ഇത്രയും കാലം സിനിമയില്‍ പിടിച്ചുനിര്‍ത്തിയത് എന്നുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘എന്നും ചെയ്യുന്നത് ഒരേ ജോലിയല്ല. ഓരോ ദിവസവും ഓരോ ആളല്ലേ. ഓരോ സ്ഥലമാണ്, ഓരോ അച്ഛനും അമ്മയുമാണ്, ഓരോ സുഹൃത്തുക്കളാണ്, അങ്ങനെ കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും എല്ലാം വേറെ വേറെയാണ്. അത് കഴിഞ്ഞാല്‍ പുതിയ ആള്‍ക്കാര്‍ വരുമല്ലോ. ഇത്രയധികം വെറൈറ്റി ജീവിതത്തില്‍ വേറെയെന്തുണ്ട്. ഒരേ ഡെസ്‌ക്കും ഒരേ കംപ്യൂട്ടറും ഒരേ ഫയലുമല്ലല്ലോ. ഇതില്‍ എല്ലാ ദിവസങ്ങളും പുതിയ ദിവസങ്ങളാണ്. പുതിയ ഒരു കാര്യമാണ് നമ്മള്‍ ചെയ്യുന്നത്.
പേട്രിയറ്റ് . Photo: The Hindu
കഥ ഒന്നാണെങ്കിലും കൂടെ അഭിനയിക്കുന്നവര്‍ ഒന്നാണെങ്കിലും നമ്മള്‍ അഭിനയിക്കുന്നത് ഓരോ ദിവസവും പുതിയ അഭിനയമാണ്. ഇന്നലെ അഭിനയിച്ച പോലെയല്ല, ഇന്ന് വേറെയാണ് അഭിനയിക്കുന്നത്. അതായത് നമുക്ക് ഓരോ ഷോട്ട് അഭിനയിക്കുന്നതിന്് മുമ്പും ഒരു ടെന്‍ഷനുണ്ട്. ഒരു ബ്ലെഡ് പ്രെഷര്‍ കയറുന്നുണ്ട്. അഭിനയിക്കേണ്ട് ഏത് ഇമോഷനായാലും നമുക്കുള്ള ഈ ടെന്‍ഷന്‍ നമ്മളാദ്യം മറയ്ക്കണം. അതിന് ശേഷമാണ് നമ്മള്‍ കഥാപാത്രമാകുന്നത്. ഇതിനിടയിലുള്ള അഭിനയമാണ് ഏറ്റവും വലിയ അഭിനയം,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty talks about acting as profession