| Tuesday, 18th July 2023, 4:56 pm

ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല, എങ്കിലത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയെന്നും ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ താന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥക്ക് അവതാരിക എഴുതുവാനുള്ള നിയോഗം തനിക്കായിരുന്നെന്നും അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിക്കുകയാണെങ്കില്‍ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകുമെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ പരാമര്‍ശിച്ചത്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

‘സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം. ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടില്ല. ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു.

ഞാന്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളില്‍ എത്തിയ ഒരാള്‍. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളില്‍ കയ്യിട്ടു ഒപ്പം നടന്നു. ഞാന്‍ എന്ന വ്യക്തി ചുമക്കാന്‍ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരന്‍ എന്നത് മാത്രമായി എന്റെ വിശേഷണം…

‘ ഞാനാ ഉമ്മന്‍ചാണ്ടിയാ’ എന്നു പറഞ്ഞു ഫോണില്‍ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയന്‍.. അതിശക്തനായ നേതാവ്.
ഒരിക്കല്‍ ഞങ്ങളുടെ ‘കെയര്‍ ആന്‍ഡ് ഷെയര്‍’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകള്‍ കണ്ടെത്താന്‍ പാടുപെടുകയായിരുന്നു. അപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് CRS ഫണ്ട് ഉപയോഗിച്ച് സ്‌പോണ്‍സര്‍ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോള്‍ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി കാണാന്‍ വരികയും ചെയ്തു.

സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാള്‍ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാന്‍ രേഖപെടുത്തി. ‘സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചില്‍ നിയന്ത്രിക്കണം ‘ഒരു ചിരി മാത്രമായിരുന്നു മറുപടി.

‘പ്രാഞ്ചിയേട്ടന്‍’ എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്.’ഉമ്മന്‍ ചാണ്ടി ഒന്നേ ഉള്ളു ‘ എന്ന്…
ഒരുമിച്ചൊരുപാട് ഓര്‍മ്മകള്‍.. ആയിരം അനുഭവങ്ങള്‍..
ഒരുപാടെഴുതുന്നില്ല..
എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു
അതിലെഴുതാന്‍ കുറിച്ച വരികള്‍ ഇവിടെ കുറിക്കട്ടെ
‘ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും….,’ മമ്മൂട്ടി കുറിച്ചു.

Content Highlights: Mammootty talking about Oomen Chandy

Latest Stories

We use cookies to give you the best possible experience. Learn more