മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യു.ഡബ്ല്യു.ഇ സ്റ്റൈൽ ആക്ഷൻ–കോമഡി എന്ന വിശേഷണവുമായി എത്തിയ ചിത്രമാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ മറ്റൊരു വലിയ ഹൈലൈറ്റ് മമ്മൂട്ടി അവതരിപ്പിച്ച അതിഥി വേഷമായ വാൾട്ടർ എന്ന കഥാപാത്രമാണ്.
കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കവേ, ചത്താ പച്ചയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളും പുതിയ തലമുറ താരങ്ങളുടെ ഊർജവും ആത്മവിശ്വാസവും കുറിച്ചും മമ്മൂട്ടി പറയുകയാണ്.
മമ്മൂട്ടി, Photo: X.com
‘ഈ പിള്ളേരുടെ ആവേശവും ആത്മവിശ്വാസവും കണ്ടപ്പോൾ, ഞാനൊക്കെ സിനിമയിൽ തുടക്കമിട്ട കാലം ഓർമവന്നു. അന്ന് ആവേശമോ എനർജിയോ ഒന്നുമല്ല, പേടിയായിരുന്നു. നന്നാവുമോ, രക്ഷപ്പെടുമോ എന്നൊക്കെയുള്ള ഭയത്തിലാണ് ഞങ്ങൾ സിനിമയിലേക്ക് വന്നത്. പക്ഷേ ഇവർ ഫുൾ കോൺഫിഡൻസിലാണ്. എന്ത് പറഞ്ഞാലും ചെയ്യാൻ റെഡിയാകുന്ന മനോഭാവമാണ്,’ മമ്മൂട്ടി പറഞ്ഞു.
ചത്താ പച്ച, Photo: YouTube/ Screengrab
റോഷൻ മാത്യുവിന്റെ ശരീരവടിവിനെ കുറിച്ചും തമാശയോടെ അദ്ദേഹം പ്രതികരിച്ചു.
‘റോഷന്റെയൊക്കെ കൈയിലെ മസിൽ കണ്ടിട്ടുണ്ടോ? കാണുന്ന പോലെ അല്ല, അഴിച്ചിട്ടാൽ പേടിയാകും. ഒരു കഥാപാത്രത്തിന് വേണ്ടി ബോഡി ബിൽഡ് ചെയ്യുന്ന പിള്ളേരെ സമ്മതിക്കണം. എനിക്കത് ഒരിക്കലും പറ്റില്ല. ഇപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതും കഴിഞ്ഞ അഞ്ച് എട്ട് വർഷമായിട്ടേയുള്ളു. ആവിശ്യമുള്ളതുകൊണ്ടാണ് അല്ലെങ്കിൽ അതും ഒഴിവാക്കിയേനെ.
ചത്താ പച്ച, Photo: IMDb
സത്യത്തിൽ ഞാനല്ല ഈ സിനിമയുടെ എനർജി. ഇവരായിരുന്നു. ഇത്രയും പ്രായമായിട്ടും ഇനി ഇവരുടെയെല്ലാം കൂടെയാണല്ലോ മുന്നോട്ട് മുട്ടേണ്ടത്. ഇവന്മാർ ഒന്ന് ഊതിയാൽ നമ്മൾ പറന്നു പോകുമല്ലോ. അതുകൊണ്ട് കുറച്ചുകൂടി എനർജിയും ആത്മവിശ്വാസവും ആവേശവും ഉണ്ടാക്കിയെടുക്കാൻ ഇവർ ഈ സിനിമയിലൂടെ എനിക്ക് വലിയ സഹായം ചെയ്തു,’ എന്നും മമ്മൂട്ടി പറഞ്ഞു.
തമാശ കലർന്ന മമ്മൂട്ടിയുടെ പ്രസംഗം ചടങ്ങിനെ നിറഞ്ഞ കൈയ്യടികളിലേക്കാണ് നയിച്ചത്. തമാശ രൂപേണ നിർമ്മാതാവ് ഇഷാൻ ഷൗക്കത്തിനോടുള്ള സംഭാഷണവും വേദിയിൽ ചിരി പടർത്തി. ‘വരണമോ വേണ്ടയോ എന്ന കാര്യത്തിൽ എനിക്ക് വലിയ പിടിയൊന്നുമില്ല. അവർ പറഞ്ഞതുപോലെയാണ് ഞാൻ ചെയ്തത്. നല്ലതായാലും ചീത്തയായാലും അതിന് എനിക്ക് ഉത്തരവാദിത്വമില്ല,’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. മമ്മൂട്ടിയുടെ ഈ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
Content Highlight: Mammootty talk about the movie chatha pacaha