സിനിമ നല്ലതാണോ എങ്കിൽ എവിടെയും എങ്ങനെയും ചിത്രം വിജയിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് മലയാളം ഇൻഡസ്ട്രി. തിയേറ്ററിൽ ആദ്യഘട്ടത്തിൽ വലിയ വിജയം നേടാതിരുന്നാലും, ഉള്ളടക്കത്തിന്റെ കരുത്ത് കൊണ്ട് പിന്നീട് പ്രേക്ഷകരിലേക്ക് എത്തി വലിയ സ്വീകാര്യത നേടുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.
മോഹിനിയാട്ടം, Photo: IMDb
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ആദ്യമായി തിയേറ്ററിലെത്തിയപ്പോൾ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ പിന്നീട് ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ചിത്രം വലിയ ജനപ്രീതി നേടി. അതിന്റെ തുടർച്ചയായി പുറത്തിറങ്ങിയ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറുകയും ചെയ്തു. സമാനമായ രീതിയിലാണ് സൈജു കുറുപ്പ് നായകനായെത്തിയ ഭരതനാട്യം എന്ന ചിത്രവും പിന്നീട് വലിയ ശ്രദ്ധ നേടിയത്.
ഇപ്പോഴിതാ ഇത്തരം സിനിമകളെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അളകനന്ദയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ തിയേറ്ററിൽ ആദ്യം വിജയിക്കാതെ പോയെങ്കിലും പിന്നീട് ജനങ്ങൾ ഏറ്റെടുത്ത സിനിമകളെക്കുറിച്ച് താരം അഭിപ്രായപ്പെട്ടു.
മമ്മൂട്ടി, Photo: Mammootty/ Facebook
മികച്ച സിനിമകൾക്ക് സമയം എടുക്കാം, പക്ഷേ അവ ഒടുവിൽ പ്രേക്ഷകരിലെത്തുമെന്നും ജനങ്ങൾ അതിനെ ഏറ്റെടുക്കുമെന്നും മമ്മൂട്ടി പറഞ്ഞു. ചില സിനിമകൾ റിലീസ് സമയത്ത് ശ്രദ്ധിക്കപ്പെടാതെ പോകാം. എന്നാൽ പിന്നീട് ആളുകൾ അതിന്റെ മൂല്യം മനസിലാക്കി വീണ്ടും കണ്ടെത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടൊപ്പം ഇന്ദ്രൻസ് നായകനായെത്തിയ കുട്ടന്റെ ഷിനിഗാമി പോലുള്ള ചിത്രങ്ങളെയും മമ്മൂട്ടി പരാമർശിച്ചു.
‘അടുത്തിറങ്ങിയ മോഹിനിയാട്ടത്തിന്റെ ആദ്യ ഭാഗം ഭരതനാട്യം ഞാൻ ഒ.ടി.ടി യിലാണ് കണ്ടത്. അപ്പോൾ തന്നെ ഞാൻ അവരെ വിളിച്ചു പറഞ്ഞു ഇത് നല്ല കോൺടെന്റ് ആണ് എനിക്ക് നന്നയി ഇഷ്ട്ടമായെന്ന്. അങ്ങനെ ഒരുപാട് സിനിമകൾ ഉണ്ട്.
കുട്ടന്റെ ഷിനിഗാമി, Photo: Prime Video
തിയേറ്ററിൽ വർക്ക് ആവാതെ ഒ. ടി.ടി യിൽ വർക്കാവുന്നവ. അങ്ങനെയുള്ള ഒരു സിനിമയാണ് ഇന്ദ്രൻസും ഇടുക്കി ജാഫറും അഭിനയിച്ച കുട്ടന്റെ ഷിനിഗാമി, അതൊരു ഇൻട്രസ്റ്റിങ് സിനിമയാണ്,’ മമ്മൂട്ടി പറഞ്ഞു.
നീണ്ട പത്തൊമ്പത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് ആണ് താരത്തിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമാണം നിർവഹിക്കുന്നത്.
Content Highlight: Mammootty talk about the Movie Bharathanatyam.