| Thursday, 9th April 2026, 12:18 pm

ഞങ്ങൾക്കിടയിൽ അത്തരം ഇഗോയില്ല; പേട്രിയറ്റിൽ ഞങ്ങൾ വെറും രണ്ട് കഥാപാത്രങ്ങൾ മാത്രം: മമ്മൂട്ടി

നന്ദന എം.സി

മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്. മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത തന്നെ പേട്രിയറ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഹൈപ്പിനെ ഉയർത്തുന്ന ഘടകങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് ലഭിച്ച മികച്ച പ്രതികരണവും പ്രതീക്ഷകൾ കൂട്ടിയിട്ടുണ്ട്.

മോഹൻലാൽ, മമ്മൂട്ടി, Photo; Mammootty/ Facebook

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകളാണ്. കമൽ ഹാസനും രജനികാന്തും ഒന്നിക്കുന്ന നെൽസൺ ചിത്രത്തിന്റെ പ്രോമോ വീഡിയോയിൽ ‘ആരാണ് ഹീറോ?’ എന്ന ചോദ്യവുമായി താരങ്ങൾ എത്തിയ സാഹചര്യത്തിൽ, സമാനമായ ഒരു ചോദ്യം മഹേഷ് നാരായണനോട് ചോദിച്ചിരുന്നോ എന്നായിരുന്നു അഭിമുഖത്തിൽ മമ്മൂട്ടിയോട് ചോദിച്ചത്. ഇതിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. ‘ഈ ചിത്രത്തിലെ ഹീറോ കഥയാണ്’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

തനിക്കും മോഹൻലാലിനും ഇടയിൽ യാതൊരു ഈഗോ പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഈ കാര്യങ്ങൾ പങ്കുവെച്ചത്.

പേട്രിയറ്റ്, Photo: Mammootty/ Facebook

‘ഇതിലെ കഥയാണ് ഹീറോ എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ഞങ്ങൾക്കിടയിൽ അത്തരം ഈഗോ ഒന്നുമില്ല, മോഹൻലാൽ എൻ്റെ സിനിമകളിൽ അഭിനയിക്കാറുണ്ട്, ഞാൻ അദ്ദേഹത്തിൻ്റെ സിനിമകളിലും അഭിനയിക്കാറുണ്ട്.

അടുത്തിടെ മോഹൻലാൽ ദിലീപിൻ്റെ ചിത്രത്തിൽ അഭിനയിച്ചു, അതുപോലെ ഞാൻ യുവാക്കൾക്കൊപ്പമുള്ള ഒരു സിനിമയിൽ കാമിയോ റോളും ചെയ്തു.

പേട്രിയറ്റിൽ ഞങ്ങൾ വെറും രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അവതരിപ്പിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങളുള്ള, കണ്ടന്റിലൂടെ മുന്നോട്ട് പോകുന്ന ഒരു സിനിമയാണിത്,’ ,മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty talk about Mohanlal

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more