| Monday, 20th July 2026, 10:03 am

മമ്മൂട്ടിയും ധനുഷുമടക്കം ഒരു സിനിമയിലെ നാല് പേര്‍ക്ക് നാഷണല്‍ അവാര്‍ഡ്... ഇനി ഇതിനെ 'അവാര്‍ഡ് പടമെന്ന്' വിളിക്കാമെന്ന് ട്രോളന്മാര്‍

അമര്‍നാഥ് എം.

72ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ അലയൊലികള്‍ അടങ്ങിയിരിക്കുകയാണ്. മികച്ച നടനായി മലയാളത്തിന്റെ മമ്മൂട്ടിയെ തെരഞ്ഞെടുത്തെങ്കിലും മറ്റ് പല അവാര്‍ഡുകളുടെ പേരിലും സിനിമാപേജുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച പല സിനിമകളെയും ജൂറി തഴഞ്ഞെന്നാണ് പലരും ആരോപിക്കുന്നത്.

എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മമ്മൂട്ടി കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് സിനിമാപേജുകളില്‍ വൈറല്‍. പുതിയ തമിഴ് ചിത്രമായ ഓമിന്റെ ലൊക്കേഷനിലായിരുന്നു അദ്ദേഹം. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍.

ധനുഷ്, മമ്മൂട്ടി, രാജ്കുമാര്‍ പെരിയസാമി, എഡിറ്റര്‍ കലൈവാണന്‍ Photo: Mammootty/ Facebook

ധനുഷ്, മമ്മൂട്ടി, രാജ്കുമാര്‍ പെരിയസാമി, എഡിറ്റര്‍ കലൈവാണന്‍ എന്നിവര്‍ ഒന്നിച്ച് നില്‍ക്കുന്നതും ദേശീയ പുരസ്‌കാര നേട്ടം ആഘോഷിക്കുന്നതും ചിത്രത്തില്‍ കാണാനാകും. നാല് പേരും ഈ വര്‍ഷത്തെ അവാര്‍ഡ് വേദിയില്‍ തിളങ്ങിയവരായിരുന്നു. മമ്മൂട്ടി മികച്ച നടനായപ്പോള്‍ ധനുഷിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

അമരന്‍ അണിയിച്ചൊരുക്കിയ രാജ്കുമാര്‍ പെരിയസാമി മികച്ച സംവിധായകനായപ്പോള്‍ ഈ ചിത്രത്തിന്റെ എഡിറ്റര്‍ കലൈവാണനും പുരസ്‌കാരത്തിന് അര്‍ഹനായി. നാല് ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഒന്നിക്കുന്ന സിനിമയായി ഓം മാറിയിരിക്കുകയാണ്. ‘ഇതാണ് യഥാര്‍ത്ഥ ‘അവാര്‍ഡ് പടം’ എന്ന് ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

ധനുഷ്, മമ്മൂട്ടി, രാജ്കുമാര്‍ പെരിയസാമി, എഡിറ്റര്‍ കലൈവാണന്‍ Photo: Mammootty/ Facebook

ധനുഷിന്റെ 55ാമത് സിനിമയായി ഒരുങ്ങുന്ന പ്രൊജക്ടാണ് ഓം. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടയില്‍ കയറിയ ചിത്രത്തിന്റെ ടൈറ്റില്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. ചന്ദനക്കടത്തും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്ഷനുകളുമാണ് ചിത്രത്തിന്റെ കഥ. ധനുഷിനൊപ്പം ശക്തമായ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തികേയ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഓമിന്റെ ആദ്യ ചാപ്റ്റര്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ജയിലര്‍ 2 ഇതേ മാസം റിലീസ് ചെയ്യുന്നതിനാല്‍ മറ്റൊരു റിലീസ് തിയതി അന്വേഷിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാര്‍. സായ് അഭ്യങ്കറാണ് ഓമിന്റെ സംഗീതം.

Content Highlight: Mammootty shared a Photo with the Dhanush and crew of Om Movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more