മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് പേട്രിയറ്റ്. മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൊണ്ടുതന്നെ റിലീസിന് മുമ്പേ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.
പേട്രിയറ്റ്, Photo: IMDb
മെയ് 1 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഗൾഫ് റിലീസിനോടനുബന്ധിച്ച് ദുബൈയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിനിമ കാണുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം മാത്രം കേട്ട് തീരുമാനിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയെക്കുറിച്ച് പലവിധ അഭിപ്രായങ്ങൾ സ്വാഭാവികമായും ഉയരും. ചിലർക്ക് നല്ലതായിരിക്കും തോന്നുക, ചിലർക്ക് ഇഷ്ടപ്പെടാതിരിക്കാം. എന്നാൽ ഓരോ പ്രേക്ഷകനും സ്വന്തമായി സിനിമ കണ്ടു വിലയിരുത്തുകയാണ് വേണ്ടതെന്നും താരം വ്യക്തമാക്കി. സ്വന്തം അഭിപ്രായമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സിനിമ പുറത്തിറങ്ങി. നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം, മുക്കാൽ കൊള്ളാം, അവസാനം കൊള്ളാം, ആദ്യം കൊള്ളാം എന്നിങ്ങനെ പലരും പലവിധം പറയും. എന്നാൽ നിങ്ങൾക്ക് സിനിമ കണ്ട ശേഷം ഉണ്ടാകുന്ന അഭിപ്രായമാണ് വേണ്ടത്. അതാണ് ഏറ്റവും വിലപ്പെട്ടത്,’ എന്നാണ് മമ്മൂട്ടി വേദിയിൽ പറഞ്ഞത്. താരത്തിന്റെ വാക്കുകൾക്ക് വൻ കൈയടിയായിരുന്നു ലഭിച്ചത്.
പേട്രിയറ്റ്, Photo: IMDb
സൈബർ ലോകത്ത് മനുഷ്യരുടെ സ്വകാര്യത എങ്ങനെ നഷ്ടപ്പെടുന്നു എന്ന വിഷയമാണ് പേട്രിയറ്റ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തിയുള്ള വിഷയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം വ്യക്തികളുടെ സ്വകാര്യതയ്ക്ക് നേരെയുള്ള ഭീഷണിയും വർധിക്കുകയാണെന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
ഇതിനിടെ തന്റെ പ്രായത്തെക്കുറിച്ച് തമാശയോടെ സംസാരിച്ച മമ്മൂട്ടിയുടെ പരാമർശവും ശ്രദ്ധ നേടി. ‘മുപ്പത് വർഷത്തെ സിനിമാ ജീവിതമല്ല, എനിക്ക് മുപ്പത് വയസാണ്,’ എന്ന് താരം പറഞ്ഞപ്പോൾ പ്രേക്ഷകർ കൈയടിയോടെയാണ് സ്വീകരിച്ചത്.
പേട്രിയറ്റ്, Photo: IMDb
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമാതാക്കൾ.
Content Highlight: Mammootty says that one should not watch movies based on other people’s opinions.