| Thursday, 9th April 2026, 4:40 pm

മറ്റാരും കളങ്കാവല്‍ നിര്‍മിക്കാന്‍ തയ്യാറാകില്ല; ഞാന്‍ തന്നെ സിനിമ പ്രൊഡ്യൂസ് ചെയ്തതിന്റെ കാരണമത്: മമ്മൂട്ടി

ഐറിന്‍ മരിയ ആന്റണി

കഴിഞ്ഞ വര്‍ഷം ഇറങ്ങി ഹിറ്റായ ചിത്രങ്ങളിലൊന്നായിരുന്നു കളങ്കാവല്‍. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയായിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാന്‍ലി ദാസ് സ്ത്രീകളെ വശീകരിച്ച് പ്രണയത്തിലാഴ്ത്തുകയും, ലൈംഗികബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന സൈക്കോ കഥാപാത്രമായാണ് എത്തിയത്.

മമ്മൂട്ടിയെ പോലൊരു സൂപ്പര്‍ സ്റ്റാര്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യാന്‍ തയ്യാറായതിനെ പ്രശംസിച്ച് കൊണ്ട് ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ കളങ്കാവല്‍ എന്തുകൊണ്ടാണ് താന്‍ നിര്‍മിച്ചതെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി.

എന്തുകൊണ്ട് കളങ്കാവല്‍ എന്ന സിനിമ നിങ്ങള്‍ തന്നെ നിര്‍മിച്ചു എന്ന അനുപമ ചോപ്രയുടെ ചോദ്യത്തിന് മറ്റാരും ആ സിനിമ നിര്‍മിക്കാന്‍ തയ്യാറാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാന്‍ വേണ്ടിയാണ് ശരിക്കും ഞാന്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. അതുപോലെ മറ്റ് നിര്‍മാതാക്കള്‍ നിര്‍മിക്കാന്‍ തയ്യറാകാത്ത സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനും. ഞാന്‍ നെഗറ്റീവ് റോളില്‍ എത്തുന്ന കളങ്കാവല്‍ പോലെ ഒരു സിനിമ മറ്റാരും നിര്‍മിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ട് ഞാന്‍ തന്നെ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു.

ഞാന്‍ ഒരു അഭിനേതാവാണ്. നല്ല അഭിനേതാവാകാന്‍ ഞാന്‍ തീര്‍ച്ചയായും എന്റെ സ്റ്റാര്‍ഡത്തെ ഡിപ്പന്‍ഡ് ചെയ്യാറുണ്ട്. ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ ഒരു നൂറ് തവണ ചെയ്യാന്‍ കഴിയില്ല. എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം. എല്ലാത്തരം വേഷങ്ങള്‍ ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ അത് സാധ്യമായിരിക്കില്ല,’ മമ്മൂട്ടിയുടെ വാക്കുകള്‍.

പേട്രിയറ്റാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ഈ വര്‍ഷം റിലീസ് ചെയ്യുന്നതില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട 19വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നവെന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തില്‍ ഇവര്‍ക്ക് പുറമെ നയന്‍താര, രേവതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. സിനിമ മെയ് 1ന് തിയേറ്ററുകളിലെത്തും.

Content Highlight: Mammootty says No other producer would be willing to make Kalankaval 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more