| Saturday, 1st November 2025, 7:15 pm

കേരളമെന്നേക്കാള്‍ ചെറുപ്പം; മുക്തമായിരിക്കുന്നത് അതിദാരിദ്യത്തില്‍ നിന്നുമാത്രം, ഉത്തരവാദിത്തങ്ങള്‍ ഇനിയുമേറെ: മമ്മൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം തന്നെക്കാള്‍ ചെറുപ്പമാണെന്ന് നടന്‍ മമ്മൂട്ടി. കേരളത്തിന്റെ സാമൂഹിക സൂചികകള്‍ പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ‘കേരളം അതിദാരിദ്യ മുക്ത’ പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ അതിസമ്പന്നമായ രാജ്യങ്ങളുടെ 20 ശതമാനം പോലുമില്ലാത്ത കേരളമാണ് ഈ നേട്ടങ്ങളിലെത്തിയിരിക്കുന്നതെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.

സാമൂഹിക സേവന രംഗത്ത് മറ്റു പലരെയും അപേക്ഷിച്ച് നമ്മള്‍ വളരെ മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം നേടിയത് നമ്മുടെ സാമൂഹിക ബോധത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും ഫലമായിട്ട് തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രി വലിയ ഉത്തരവാദിത്തം കൂടിയാണ് ഏറ്റെടുക്കുന്നത്. അതിദാരിദ്യത്തില്‍ നിന്ന് മാത്രമേ നമ്മള്‍ മുക്തമായിട്ടുള്ളു. ദാരിദ്യം ഇനിയും നമുക്ക് മുന്നിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ഒരുപാട് പ്രതിസന്ധികളെ കേരളം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് അതിജീവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ള ദാരിദ്ര്യരേഖയല്ല ഇന്നുള്ളത്. ഈ നിലയിലേക്ക് നമ്മെ എത്തിച്ചത് കേരളത്തിന്റെ സാമൂഹിക ബോധമാണെന്നും മമ്മൂട്ടി പറഞ്ഞു.

നമ്മുടെ സാമൂഹിക സമ്പത്തും അതിനെ പിന്തുണച്ചു. പരസ്പര സ്‌നേഹവും പരസ്പര വിശ്വാസവും മറ്റു അതിര്‍വരമ്പുകളില്ലാത്ത നമ്മുടെ സാഹോദര്യവും അടങ്ങുന്നതാണ് കേരളത്തിന്റെ സാമൂഹിക സമ്പത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ഭരണസംവിധാനത്തില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

‘കഴിഞ്ഞ കുറേ മാസങ്ങളായി പൊതുയിടങ്ങളില്‍ ഇറങ്ങാത്ത വ്യക്തിയാണ് ഞാന്‍. തിരിച്ചെത്തിയപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ആറേഴ് മാസങ്ങള്‍ക്ക് ഉള്ളില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര കൂടുതല്‍ സുഖകരമാകുമെന്ന് വിശ്വസിക്കുന്നു. അത് വികസനം തന്നെയാണ്,’ മമ്മൂട്ടി പറഞ്ഞു.

വികസനം ആരുടേതാണെന്നും അദ്ദേഹം ചോദിച്ചു. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിച്ചതുകൊണ്ട് മാത്രം നമ്മള്‍ വികസിക്കുന്നില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹിക ബോധമാണ്. ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്യം പൂര്‍ണമായും തുടച്ചുമാറ്റപ്പെടണം. ദാരിദ്ര്യത്തെ തോളോടുതോള്‍ ചേര്‍ന്ന് നമുക്കും അതിജീവിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

വിശക്കുന്ന വയറിനുമുന്നില്‍ ഒരു കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം നാം വികസനം പൂര്‍ത്തീകരിക്കേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.

Content Highlight: Mammootty says Kerala is younger than him

We use cookies to give you the best possible experience. Learn more