സമീപകാലത്ത് മമ്മൂട്ടി ഏറ്റവമധികം പ്രൊമോഷന്‍ നടത്തുന്ന ചിത്രമാണ് ഓ.എം. ഏഴ് വര്‍ഷത്തിന് ശേഷം താരം ഭാഗമാകുന്ന തമിഴ് ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ സിയാ കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. ചിത്രത്തിലെ ക്യാരക്ടര്‍ ടീസറില്‍ മമ്മൂട്ടിയെ പ്രസന്റ് ചെയ്ത രീതി ആരാധകരെ ആവേശത്തിലാക്കി.
കഴിഞ്ഞദിവസം ഓ.എമ്മിന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ധനുഷും സായ് പല്ലവിയും പങ്കെടുത്ത ചടങ്ങിലെ ശ്രദ്ധാകേന്ദ്രം മമ്മൂട്ടി തന്നെയായിരുന്നു. സ്ഥിരം സ്റ്റൈലില്‍ സരസമായ സംഭാഷണത്തിലൂടെ മമ്മൂട്ടി കൈയടി നേടി. ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും താരം പങ്കുവെച്ചു.
ധനുഷിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ ധനുഷിനൊപ്പം രണ്ടാം തവണയാണ് മമ്മൂട്ടി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നത്. കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷ് അതിഥിവേഷത്തിലെത്തിയിരുന്നു. ഓ.എമ്മിന്റെ ഷൂട്ട് തുടങ്ങിയ സമയത്ത് ധനുഷ് തന്റെയടുത്തേക്ക് അധികം വന്നിരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
‘ധനുഷ് ഇപ്പോള്‍ കാണുന്നത് പോലെയായിരുന്നില്ല. ഷൂട്ട് തുടങ്ങിയ സമയത്ത് എന്റെയടുത്തേക്ക് അധികം വരാറില്ലായിരുന്നു. ഒരു ഡിസ്റ്റന്‍സൊക്കെയിട്ട് ഇരിക്കുകയായിരുന്നു. എന്തോ ഒരു അകല്‍ച്ചയുള്ളതുപോലെ എനിക്ക് തോന്നി. ഞാന്‍ വിടുവോ, നമ്മള് ശത്രുക്കളെ മിത്രമാക്കുന്ന ആളല്ലേ. നമ്മള് പുള്ളിയെ ചേര്‍ത്ത് പിടിച്ച് നല്ല ഫ്രണ്ടാക്കി. ഇപ്പോള്‍ പുള്ളിക്ക് എന്നെ കാണാതെ ഉറക്കം വരില്ല,’ മമ്മൂട്ടി പറഞ്ഞു.
ചിത്രത്തിന്റെ കഥയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും താരം സംസാരിച്ചു. തിരുവണ്ണാമലൈയില്‍ ആര്‍ക്കോ വേണ്ടി രക്ത ചന്ദനം വെട്ടുന്ന സാധാരണക്കാരുടെ കഥയാണ് ഓ.എമ്മിന്റേതെന്നും വളരെ ടച്ചിങ്ങായിട്ടുള്ള കഥയാണിതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കാര്‍ത്തികേയന്‍ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്നും അയാള്‍ നല്ലവനാണോ വില്ലനാണോ എന്ന് സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും താരം പറയുന്നു.
‘രണ്ട് സംസ്ഥാനങ്ങളുടെ ബോര്‍ഡറിലുള്ള കാടിന്റെയും അവിടെ ജീവിക്കുന്ന സാധാരണക്കാരുടെയും കഥയാണ് ഈ സിനിമ. ഒരുപാട് കഥാപാത്രങ്ങള്‍ ഇതിലുണ്ട്. ഇന്ദ്രന്‍സിന്റെയൊക്കെ ഗംഭീര പെര്‍ഫോമന്‍സാണ് പടത്തില്‍. ഇനി നാലഞ്ച് ദിവസം മാത്രമേ ബാക്കിയുള്ളൂ. മൂന്ന് മണിക്കൂര്‍ നിങ്ങളെ എന്‍ഗേജിങ്ങാക്കി നിര്‍ത്താന്‍ ഈ പടത്തിന് സാധിക്കും,’ മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty saying he made Dhanush as his friend during the shoot of O M Movie