| Saturday, 7th November 2026, 7:18 am

രജിനി സാറിന്റെയൊപ്പം അഭിനയിച്ചിട്ടുണ്ട്, ഇപ്പോള്‍ ധനുഷിനൊപ്പം അഭിനയിച്ചു, അദ്ദേഹത്തിന്റെ മകന്റെ കൂടെ എപ്പോള്‍ അഭിനയിക്കുമെന്നറിയില്ല: മമ്മൂട്ടി

അമര്‍നാഥ് എം.

തമിഴിലെ സൂപ്പര്‍താരം ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓം. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. ചെന്നൈയിലെ സായ് റാം എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഇവന്റിലെ ഏറ്റവും വലിയ ആകര്‍ഷണം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു.

സിമ്പിളായിട്ടുള്ള അറ്റയറില്‍ പ്രത്യക്ഷപ്പെട്ട് ഇവന്റിന്റെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ മമ്മൂട്ടിക്ക് സാധിച്ചു. സോഷ്യല്‍ മീഡിയ മുഴുവന്‍ വൈറലായിരിക്കുന്നത് മമ്മൂട്ടിയുടെ എന്‍ട്രിയാണ്. മമ്മൂട്ടിയും ധനുഷും ഒന്നിച്ച് ഇരിക്കുന്ന ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ചടങ്ങില്‍ മമ്മൂട്ടിയുടെ പ്രസംഗവും പലരിലും ചിരിയുണര്‍ത്തിയിരുന്നു.

ഏഴ് വര്‍ഷത്തിന് ശേഷമാണ് താരം തമിഴ് സിനിമയുടെ ഭാഗമാകുന്നത്. നിരൂപക പ്രശംസ ലഭിച്ച പേരന്‍പായിരുന്നു മമ്മൂട്ടിയുടെ അവസാന ചിത്രം. തമിഴില്‍ എന്തുകൊണ്ട് ഇത്രയും വലിയ ഗ്യാപ് വന്നു എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധേയമായി. പേരന്‍പിന് ശേഷം തമിഴ് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും ആരും തന്നെ വിളിച്ചില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘ഏഴ് വര്‍ഷത്തിന് ശേഷമാണ് ഒരു തമിഴ് സിനിമ ചെയ്യുന്നത്. പേരന്‍പിന് ശേഷം തമിഴ് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഞാന്‍ ഒരുപാട് ആളുകളോട് ചാന്‍സ് ചോദിച്ചു. പക്ഷേ, ആരും അത് മൈന്‍ഡ് ചെയ്തില്ല. ഓം എനിക്ക് മറക്കാനാകാത്ത അനുഭവമാണ്. ഞാന്‍ രജിനി സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ധനുഷിനൊപ്പം അഭിനയിക്കുന്നു.

ധനുഷിന്റെ അടുത്ത് അദ്ദേഹത്തിന്റെ മകന്‍ ഇരിക്കുന്നുണ്ട്. നാളെ അയാള്‍ സിനിമയില്‍ വരുമോ എന്നോ അയാളുടെ കൂടെ എപ്പോള്‍ അഭിനയിക്കുമെന്നോ അറിയില്ല. 45 ദിവസത്തെ ഷൂട്ടുണ്ട് എന്ന് പറഞ്ഞാണ് എന്നെ ഈ പടത്തിലേക്ക് വിളിച്ചത്. ഇപ്പോള്‍ ആറ് മാസമായി. രാത്രിയാണ് കൂടുതലും ഷൂട്ട്. എല്ലാ ദിവസവും രാത്രി ഉറക്കമൊഴിച്ചുള്ള ഷൂട്ടായിരുന്നു.

കള്ളക്കടത്തുകാരന്റെ കഥയായതുകൊണ്ട് രാത്രി മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുള്ളൂ എന്നാണ് സംവിധായകന്‍ പറയുന്നത്. നമുക്ക് എന്ത് ചെയ്യാന്‍ പറ്റും. ഈ പടത്തില്‍ ഒരുപാട് കഥയുണ്ട്. ധനുഷിന്റെ കഥ, സായ് പല്ലവിയുടെ കഥ. അതിന്റെ ഇടയില്‍ ചെറുതായിട്ട് എന്റെ കഥയുമുണ്ട്. എന്റെ പ്രസംഗത്തില്‍ തമാശയുണ്ടെങ്കിലും സിനിമ സീരിയസാണ്. നിങ്ങള്‍ക്ക് എന്തായാലും ഇഷ്ടപ്പെടും,’ മമ്മൂട്ടി പറഞ്ഞു.

അമരന്‍ എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ധനുഷ്, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സായ് പല്ലവിയും ശ്രീലീലയും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mammootty’s speech in Om Audio launch viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more