മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒരു പ്രസംഗമാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പുരസ്‌കാര വേദികളിൽ പതിവായി രസകരമായി സംസാരിക്കുന്ന മമ്മൂട്ടിയുടെ ഈ പ്രസംഗവും വലിയ കൈയടിയോടെ സ്വീകരിക്കപ്പെടുകയും ആരാധകരിൽ ചിരിയുടെ നിമിഷങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഫിലിം ഫെയർ അവാർഡ്‌വേദിയിൽ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നത്.
മികച്ച നടനുള്ള പുരസ്‌കാരം വാങ്ങിയതിന് ശേഷമുള്ള പ്രസംഗവേളയിൽ, തന്നോടൊപ്പം മത്സരിച്ചിരുന്ന ബേസിൽ ജോസഫിനെയും ആസിഫ് അലിയെയും വേദിയിലേക്ക് ക്ഷണിച്ചായിരുന്നു മമ്മൂട്ടി പ്രേക്ഷകരുടെ മനം കവർന്നത്.
തനിക്ക് ലഭിച്ച അവാർഡിനെ ഒരു സ്ത്രീയായി ഉപമിച്ച് വളരെ രസകരമായ രീതിയിലായിരുന്നു മമ്മൂട്ടി സംസാരിച്ചത്. അവളെ കുറിച്ചും അവളെ നഷ്ടമായ ആസിഫിനെയും ബേസിലിനെയും കുറിച്ചുമുള്ള പരാമർശങ്ങൾ വേദിയിൽ ചിരി പടർത്തുകയായിരുന്നു.
‘എനിക്കൊപ്പം മത്സരിച്ച ആസിഫും ബേസിലും ഒരർത്ഥത്തിലും എന്നേക്കാൾ ഒട്ടും താഴെയല്ല. ഇടയ്ക്ക് എന്തോ സംഭവിച്ചു,’ എന്ന് പറഞ്ഞ് അവാർഡ് ശിൽപ്പം ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം തുടർന്നു. ‘അതുകൊണ്ടാണ് ഇവൾ എന്നിലേക്ക് തന്നെ വന്നത്. ആ രണ്ട് യുവാക്കളും സുന്ദരന്മാരാണ്. എന്നിട്ടും അവൾ എന്നിലേക്കു വന്നു. പ്ലീസ്… വാടാ,’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
ഭ്രമയുഗം, Photo: IMDb
മമ്മൂട്ടിയുടെ ആ വിളിയിൽ വേദിയാകെ കരഘോഷമുയർന്നു. സദസിൽ ഇരുന്നിരുന്ന ബേസിലും ആസിഫും ചിരിയോടെ വേദിയിലേക്ക് ഓടിയെത്തി മമ്മൂട്ടിയെ വാരിപുണർന്നതും, മൂവരും ഒരുമിച്ച് അവാർഡ് ഉയർത്തിപ്പിടിച്ച നിമിഷങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയവയായിരുന്നു.
വരും വർഷങ്ങളിൽ ഇരുവർക്കും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിക്കട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ച താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും തരാം വ്യക്തമാക്കി.
മമ്മൂട്ടിയുടെ 16-ാമത് ഫിലിംഫെയർ അവാർഡാണിത്. അദ്ദേഹത്തിന്റെ ദീർഘകാല അഭിനയജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ നേട്ടമായി ഈ പുരസ്‌കാരം മാറിയിരിക്കുകയാണ്.
Content Highlight: Mammootty’s speech goes viral