| Saturday, 19th September 2026, 8:21 am

ആ ബിലാല്‍ അങ്ങനെ തന്നെ നിന്നോട്ടെ, ഷണ്മുഖന്റെയൊന്നും അവസ്ഥ വരരുത്; ലോ ആന്‍ഡ് ഓര്‍ഡറിന് പിന്നാലെ ട്രോളുകള്‍

അമര്‍നാഥ് എം.

ഓവര്‍ ദി ടോപ്പായി അധികം ആക്ഷനൊന്നും ചെയ്യാതെ, പവര്‍ഫുള്‍ ഡയലോഗുകളിലൂടെയും ഇന്റസ് പെര്‍ഫോമന്‍സിലൂടെയും മലയാളത്തില്‍ ഒരുപിടി മാസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് മമ്മൂട്ടി. മറ്റ് നടന്മാരുടെ മാസ് കഥാപാത്രങ്ങളില്‍ നിന്ന് മമ്മൂട്ടിയെ വേറിട്ട് നിര്‍ത്തുന്നതും ഈയൊരു കാര്യമാണ്. താരത്തിന്റെ മാസ് കഥാപാത്രങ്ങള്‍ക്ക് വലിയ ഫാന്‍ബേസാണ്.

എന്നാല്‍ കരിയറിലെ ഐക്കോണിക്കായ കഥാപാത്രങ്ങളെ മറ്റൊരു സിനിമയില്‍ കൊണ്ടുവന്ന് നശിപ്പിച്ചതിന്റെ റെക്കോഡും മമ്മൂട്ടിക്ക് തന്നെയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് കാരിക്കാമുറി ഷണ്മുഖന്‍. രഞ്ജിത് സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ബ്ലാക്കിലെ നായകനാണ് കാരിക്കാമുറി ഷണ്മുഖന്‍. തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയുടെ കടന്നുവരവിന് പിന്നാലെ വലിയ ഫാന്‍ബേസ് ഷണ്മുഖന് ലഭിച്ചു.

എന്നാല്‍, 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കഥാപാത്രം മറ്റൊരു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്ത ലോ ആന്‍ഡ് ഓര്‍ഡര്‍ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. ഐക്കോണിക്കായ കഥാപാത്രത്തെ കാമിയോയായി കൊണ്ടുവന്ന് വില കളഞ്ഞു എന്നാണ് ലോ ആന്‍ഡ് ഓര്‍ഡറിന് ലഭിക്കുന്ന ട്രോളുകള്‍.

ഇതാദ്യമായല്ല, മമ്മൂട്ടി ഇത്തരത്തില്‍ നല്ല കഥാപാത്രങ്ങളെ വീണ്ടും കൊണ്ടുവന്ന് ട്രോള്‍ മെറ്റീരിയലാക്കുന്നത്. ഓഗസ്റ്റ് ഒന്നിലെ ബ്രില്യന്റ് ഓഫീസര്‍ പെരുമാളിനെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവതരിപ്പിച്ചപ്പോള്‍ ചിത്രം പരാജയമായി മാറി. 2010- 2012 കാലഘട്ടത്തില്‍ തുടര്‍ പരാജയങ്ങള്‍ക്കിടയില്‍ മമ്മൂട്ടി ബോക്‌സ് ഓഫീസില്‍ കൊണ്ടുവന്ന ഫ്‌ളോപ്പ് ചിത്രമായിരുന്നു ഓഗസ്റ്റ് 15.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അധോലോക നായകന്‍ താരാദാസ് എന്നീ ഐക്കോണിക് കഥാപാത്രങ്ങളെ ഒന്നിച്ച് ഒരു സിനിമയില്‍ കൊണ്ടുവന്ന് ആരാധകര്‍ക്ക് ലൈഫ്‌ടൈം ട്രോമ സമ്മാനിച്ച ചിത്രമായിരുന്നു ബല്‍റാം vs താരാദാസ്. ഇന്നും സോഷ്യല്‍ മീഡിയയിലെ ട്രോള്‍ മെറ്റീരിയലാണ് ഈ ചിത്രം. സേതുരാമയ്യര്‍ എന്ന ഐക്കോണിക് കഥാപാത്രത്തെയും അതിന്റെ അണിയറപ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് പറയാം.

സി.ബി.ഐ ഫ്രാഞ്ചൈസിയിലെ ആദ്യ മൂന്ന് സിനിമകള്‍ ഹിറ്റായപ്പോള്‍ പിന്നാലെ വന്ന നാലാം ഭാഗം ശരാശരിയിലൊതുങ്ങുകയും അഞ്ചാം ഭാഗം ആരാധകരുടെ ദുസ്വപ്‌നമാവുകയും ചെയ്തു. ഫയര്‍ബ്രാന്‍ഡ് ജോസഫ് അലക്‌സിനെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവതരിപ്പിച്ചപ്പോഴും ബോക്‌സ് ഓഫീസിലെ വിധിയില്‍ മാറ്റമില്ലായിരുന്നു. കിങ്ങിനൊപ്പം കമ്മീഷണറും ഉണ്ടായതുകൊണ്ട് ട്രോളുകള്‍ ഷെയര്‍ ചെയ്യാന്‍ പങ്കാളിയായി.

കാരിക്കാമുറി ഷണ്മുഖനെയും സീക്വലില്‍ നശിപ്പിച്ചതോടെ ആരാധകര്‍ പുതിയൊരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി കാത്തിരിക്കുന്ന ബിലാലില്‍ ഇനി പ്രതീക്ഷ വെക്കേണ്ടതില്ലെന്നും കമന്റുകളുണ്ട്. മേരി ടീച്ചറുടെ മൂത്ത മകന്‍ ഇനി വരരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Mammootty’s ruined characters in sequel trend

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more