| Wednesday, 24th June 2026, 9:01 pm

രണ്ട് സന്തോഷം പറഞ്ഞു, പോരെ; ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി വൈറലായി മമ്മൂക്ക

അശ്വിന്‍ രാജേന്ദ്രന്‍

പ്രായം എഴുപത് പിന്നിട്ടെങ്കിലും ബഹുമതികള്‍ ഓരോന്നായി സ്വന്തമാക്കി മലയാളികള്‍ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മമ്മൂട്ടി. ഈ പുരസ്‌കാരങ്ങളുടെ കൂട്ടത്തിലേക്ക് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ എത്തിയ പുരസ്‌കാരമാണ് രാജ്യത്തെ മൂന്നാമത്തെ വലിയ അംഗീകാരമായ പത്മഭൂഷണ്‍. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും താരം പുരസ്‌കാരം ഏറ്റുവാങ്ങിയ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മമ്മൂട്ടി. Photo: X.com

കുടുംബസമേതം ചടങ്ങിനെത്തിയായിരുന്നു മമ്മൂട്ടി പത്മഭൂഷണ്‍ ഏറ്റുവാങ്ങിയത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ കഴിഞ്ഞ ദിവസം ചടങ്ങിന് ശേഷം ദല്‍ഹിയില്‍ വെച്ച് മലയാള മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ ഏവരും ഏറ്റെടുത്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തഗ് മറുപടികള്‍ നല്‍കിയതാണ് വീഡിയോ വൈറലാകാന്‍ കാരണം. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് സന്തോഷം, സന്തോഷം, രണ്ട് സന്തോഷം പറഞ്ഞു പോരെ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. കേരളത്തിലെ ആളുകള്‍ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷമാണിതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞപ്പോള്‍ എന്തിനാണ് ആകാംക്ഷ ഇത് നേരത്തേ പ്രഖ്യാപിച്ച കാര്യമല്ലേ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Photo: X.com

എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റവാക്കില്‍ മറുപടി പറഞ്ഞ താരം ദല്‍ഹിയില്‍ നിന്നും നേരെ ചെന്നൈയിലേക്കാണ് പോകുന്നതെന്നും അവിടെ ധനുഷ് ചിത്രത്തിന്റെ ഷൂട്ടുണ്ടെന്നും പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പട്ട ചോദ്യത്തിന് എന്താണ് അതുമായി ബന്ധപ്പെട്ട് ചോദ്യം വരാത്തതെന്ന് കാത്തിരിക്കുകയായിരുന്നുവെന്നും അതെല്ലാം നടക്കട്ടെ തീരുമാനമായിക്കോളും എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

Content Highlight: Mammootty’s response during press brief goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more