ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അതേ ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ മമ്മൂട്ടിയെ തേടിയെത്തിയത് മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം സന്തോഷിപ്പിച്ച വാര്‍ത്തയായിരുന്നു. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറി ഇന്നും പുതുമുഖ നടന്മാരെ വെല്ലുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന നടന്‍ മലയാള സിനിമയുടെ മുതല്‍ക്കൂട്ടാണ്.
Photo: OTT Play
പുരസ്‌കാരം സ്വീകരിക്കാനെത്തിയ താരം പ്രസംഗത്തിനിടയില്‍ പുതുമുഖങ്ങളായ ടൊവിനോയെക്കുറിച്ചും ആസിഫ് അലിയെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ താരത്തിന് പത്മഭൂഷണ്‍ ലഭിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാത്രഭൂമി ടെലിവിഷന്‍ ചാനലിന് നല്‍കിയ പ്രതികരണത്തിന്റെ എഡിറ്റഡ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്ന താരം മിത ഭാഷയിലാണ് പ്രതികരണം നടത്തുന്നത്. എന്നാല്‍ മറുപടിയില്‍ പലയിടങ്ങളിലായി ‘സന്തോഷം’ എന്ന വാക്ക് ഉപയോഗിക്കുന്നതാണ് വീഡിയോ കാണുന്നവരില്‍ ചിരി പടര്‍ത്തുന്നത്. മമ്മൂട്ടി തന്നെ നായകനായ വെനീസിലെ വ്യാപാരി എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ചന്ദ്രന്‍ പിള്ള എന്ന കഥാപാത്രം ‘ഇത്’ എന്ന വാക്ക് ഉപയോഗിച്ച് സംസാരിക്കുന്നതിന് സമാനമായിട്ടായിരുന്നു മമ്മൂട്ടി ‘സന്തോഷം’ ഉപയോഗിച്ചത്.
അംഗീകാരം കിട്ടിയതില്‍ എന്ത് തോന്നുന്നു എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. രാജ്യം ആദരിക്കുക എന്ന് പറഞ്ഞാല്‍ അതിനെക്കാള്‍ വലിയ ആദരവില്ല, സന്തോഷം, എന്ന് പറഞ്ഞ് തുടങ്ങിയ താരം പിന്നീടുള്ള എല്ലാ ചോദ്യത്തിനും സന്തോഷം എന്ന് മാത്രം മറുപടി നല്‍കിയാണ് മാധ്യമ പ്രവര്‍ത്തകനെ കുഴക്കിയത്. വീഡിയോയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ താരവും മാധ്യമ പപ്രവര്‍ത്തകനും ചേര്‍ന്ന് പതിമൂന്ന് തവണയാണ് സന്തോഷം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയിലെ പല ഹാന്‍ഡിലുകളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
55 വര്‍ഷത്തോളം നീണ്ടു നിന്ന താരത്തിന്റെ കരിയറില്‍ മികച്ച നടനുള്ള എട്ടാമത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. രാജ്യത്തെ നാലാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ താരം 1998 ല്‍ സ്വന്തമാക്കിയിരുന്നു.
Content Highlight: Mammootty’s reply after getting Padma Bhushan went viral on social media