ഓരോ ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയക്ക് അടിക്കടി തീയിടാന്‍ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമയം അദ്ദേഹത്തിന്റെ അസാന്നിധ്യം മലയാളികളില്‍ നിരാശ സമ്മാനിച്ചിരുന്നു. തിരിച്ചുവരവിന് ശേഷം അടിക്കട് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുകയാണ് ഈ 72 കാരന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലാണ്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ രഞ്ജിത് ഒരുക്കുന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ലുക്കാണ് പലരുടെയും ചര്‍ച്ച. മമ്മൂട്ടി- രഞ്ജിത് കോമ്പോയിലെ ഐക്കോണിക് ചിത്രമായ ബ്ലാക്കിലെ കരിക്കാമുറി ഷണ്മുഖനായാണ് മമ്മൂട്ടി ഈ പ്രൊജക്ടില്‍ വേഷമിടുന്നത്. രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി എറണാകുളത്തെ സെറ്റില്‍ ജോയിന്‍ ചെയ്തത്.
ഇന്നലെയും ഇന്നുമായി മമ്മൂട്ടി സെറ്റിലെത്തിയതിന്റൈ ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കുകയാണ്. കഴിഞ്ഞദിവസം കറുത്ത ഷര്‍ട്ടാണ് ധരിച്ചതെങ്കില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടപ്പോള്‍ വെള്ള ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി ഷണ്മുഖന്‍ പഴയതിനെക്കാള്‍ സ്റ്റൈലില്‍ തിരിച്ചെത്തുന്നത് ആരാധകരില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
ബ്ലാക്കിലെ ഹിറ്റ് ഡയലോഗായ ‘അങ്ങട് ബെട്ടി സൈസാക്ക് മോനേ ബിലാലേ’ എന്നാണ് പല വീഡിയോകളുടെയും ക്യാപ്ഷന്‍. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ഷണ്മുഖന്‍ പഴയ ഷണ്മുഖന്‍ തന്നെയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മൂന്ന് ദിവസത്തെ ഡേറ്റാണ് ഈ പ്രൊജക്ടിന് വേണ്ടി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. 72ാം വയസിലും അങ്ങേയറ്റം സ്റ്റൈലിഷായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തുടരും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രകാശ് വര്‍മയും ഈ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ഞെട്ടിച്ച പ്രകാശ് വര്‍മ മമ്മൂട്ടിക്കൊപ്പവും ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ടൈറ്റിലടക്കം കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രതീക്ഷക്കൊത്ത് ഉയരാത്ത ഉദയകൃഷ്ണയും രഞ്ജിത്തും ഒന്നിക്കുന്ന ഈ പ്രൊജക്ടിന്റെ ബോക്‌സ് ഓഫീസ് റിസല്‍ട്ട് എന്താകുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. കരിക്കാമുറി ഷണ്മുഖന്റെ തിരിച്ചുവരവ് ചെറുതല്ലാത്ത ഹൈപ്പ് ഈ ചിത്രത്തിന് നല്‍കുന്നുണ്ട്. എല്ലാം ഒത്തുവരികയാണെങ്കില്‍ രഞ്ജിത്തിന്റെയും ഉദയകൃഷ്ണയുടെയും തിരിച്ചുവരവാകും ഈ പ്രൊജക്ട്.
അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന ചത്താ പച്ചയിലും മമ്മൂട്ടി അതിഥിവേഷം ചെയ്യുന്നുണ്ട്. WWE യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ശക്തമായ വേഷം തന്നെയാണ് മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ളത്. നവാഗതനായ അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 30ന് ചത്താ പച്ച തിയേറ്ററുകളിലെത്തും.
Content Highlight: Mammootty’s photos as Karikkamuri Shanmukhan viral in social media