| Saturday, 6th December 2025, 1:43 pm

ഇതാണ് ബെസ്റ്റെന്ന് പറയണ്ട, ഇതിലും ഡോസ് കൂടിയ ഐറ്റവുമായി വരാന്‍ ചാന്‍സുണ്ട്, അറിയാലോ, മമ്മൂട്ടിയാണ്

അമര്‍നാഥ് എം.

കൊവിഡിന് ശേഷം ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച നടന്മാരില്‍ മുന്‍പന്തിയില്‍ തന്നെ മമ്മൂട്ടിയുടെ പേരും ഉണ്ടാകും. തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന സിനിമകള്‍ തേടിപ്പിടിച്ച് ചെയ്യുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കളങ്കാവല്‍. സ്റ്റാന്‍ലി ദാസ് എന്ന വില്ലന്‍ കഥാപാത്രത്തെ ഇതുപോലെ അവതരിപ്പിക്കാന്‍ ഇന്ത്യയില്‍ ഒരു സൂപ്പര്‍സ്റ്റാറും ധൈര്യപ്പെടില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്.

രണ്ട് പ്രധാന കഥാപാത്രങ്ങളുള്ള കഥയില്‍ നായക കഥാപാത്രം വേണ്ടെന്നും വില്ലനായാല്‍ മതിയെന്നും സംവിധായകനോട് പറയാന്‍ കാണിച്ച ധൈര്യമാണ് കളങ്കാവലിന്റെ ഏറ്റവും വലിയ പോസിറ്റീവ്. നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ള മമ്മൂട്ടിക്ക് കളങ്കാവലിലെ ജയകൃഷ്ണന്‍ എന്ന കഥാപാത്രം അത്ര വെല്ലുവിളിയുള്ളതല്ല. അതിനാലാകാം അയാള്‍ വില്ലന്‍ കഥാപാത്രം തെരഞ്ഞെടുത്തത്.

സ്ത്രീകളെ വലയിലാക്കി അവരെ ക്രൂരമായി അക്രമിക്കുന്ന സൈക്കോ കഥാപാത്രങ്ങളെ ലോക സിനിമയില്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു കഥാപാത്രത്തെ മമ്മൂട്ടിയെപ്പോലൊരു നടന്‍ എങ്ങനെ അവതരിപ്പിക്കും എന്നറിയാനാണ് സിനിമാപ്രേമികള്‍ കാത്തിരുന്നത്. എപ്പോഴും ക്രൂരമായ മുഖഭാവം കൊണ്ടുനടക്കുന്നയാളല്ല കളങ്കാവലിലെ സ്റ്റാന്‍ലി.

കളങ്കാവല്‍ മമ്മൂട്ടി Photo: Screen grab/ Mammootty Kampany

ഇരയെ കീഴ്‌പ്പെടുത്താന്‍ വേണ്ടി മാത്രം ഉള്ളിലെ വിഷം പുറത്തെടുക്കുന്ന ബുദ്ധിമാനായ സര്‍പ്പമാണ് ഈ കഥയിലെ വില്ലന്‍. നാവ് ചെറുതായി പുറത്തുകാണിച്ചുകൊണ്ടുള്ള ചിരി അതിന്റെ പ്രതീകമാണ്. ഓരോ ഇരയെകീഴ്‌പ്പെടുത്തുമ്പോഴും അയാളിലുണ്ടാകുന്ന ഉന്മാദം മമ്മൂട്ടിയിലൂടെ പുറത്തുവന്നത് പുതിയൊരു അനുഭവമായിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ പത്ത് മിനിറ്റില്‍ തിയേറ്ററില്‍ വീഴുന്ന കൈയടി സിനിമയിലെ വയലന്‍സിനല്ല ലഭിക്കുന്നത്. മമ്മൂട്ടി എന്ന പെര്‍ഫോമര്‍ക്കാണ്.

നടനെന്ന നിലയില്‍ അയാള്‍ക്ക് ഇനി തെളിയിക്കാനൊന്നുമില്ല. മറ്റ് താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുക എന്നതാണ് മമ്മൂട്ടിയുടെ പ്രധാന ലക്ഷ്യം. അങ്ങേയറ്റം ജാതിഭ്രാന്തനും നാര്‍സിസ്റ്റുമായ പുഴുവിലെ കുട്ടന്‍ നമ്പൂതിരിയിലൂടെയാണ് കൊവിഡിന് ശേഷം മമ്മൂട്ടി ആദ്യമായി ഞെട്ടിച്ചത്. അത് വെറും സാമ്പിള്‍ മാത്രമായിരുന്നെന്ന് പിന്നീട് മനസിലായി.

പ്രതികാരം ചെയ്യാന്‍ ഏതറ്റം വരെയും പോകുന്ന ലൂക്ക് ആന്റണിയെ കണ്ടപ്പോള്‍ ഇതിന്റെ മുകളില്‍ മറ്റൊന്നില്ല എന്ന് തോന്നി. എന്നാല്‍ അത് തെറ്റായിരുന്നെന്ന് കുറച്ച് മാസങ്ങള്‍ കൊണ്ട് അയാള്‍ തെളിയിച്ചു. ഞൊടിയിടയില്‍ ജെയിംസില്‍ നിന്ന് സുന്ദരത്തിലേക്ക് പരകായ പ്രവേശം നടത്തി വീണ്ടും വിസ്മയിപ്പിച്ചു. അതാണ് പീക്ക് എന്ന് കരുതിയവരെക്കൊണ്ട് മാറ്റിപ്പറയിക്കാന്‍ അധികകാലം മമ്മൂട്ടിക്ക് വേണ്ടിവന്നില്ല.

ചാത്തനായും പോറ്റിയായുമുള്ള പെര്‍ഫോമന്‍സ് ഇന്ത്യന്‍ സിനിമ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു. യുവനടന്മാരെ മറികടന്ന് ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. ഭ്രമയുഗമാണ് പീക്ക് എന്ന് കരുതിയപ്പോഴാണ് കളങ്കാവലുമായി വന്ന് വീണ്ടും ഞെട്ടിച്ചത്. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത വില്ലനായാണ് മമ്മൂട്ടി കളം നിറഞ്ഞാടിയത്.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ദാഹവും സ്റ്റാര്‍ഡത്തെ മറന്ന് അതിനെയെല്ലാം സ്വീകരിക്കാനുള്ള ധൈര്യവുമാണ് മമ്മൂട്ടി 2.0യുടെ ഏറ്റവും വലിയ പ്രത്യേകത. കളങ്കാവലിലെ സ്റ്റാന്‍ലി ദാസ് ഗംഭീരമാണെന്നും ഇതിന് മുകളില്‍ മറ്റൊന്നില്ലെന്നും അഭിപ്രായപ്പെടുന്നില്ല. കാരണം, അയാള്‍ മമ്മൂട്ടിയാണ്. ഇവിടെ ലിമിറ്റില്ല ഭായ്…

Content Highlight: Mammootty’s performance in Kalamkaaval

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more