ഉണ്ട എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ കോമ്പിനേഷനാണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍. ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നുമെന്ന് നേരത്തേ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മട്ടാഞ്ചേരി മാഫിയ എന്ന തലക്കെട്ടോടെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
മമ്മൂട്ടിക്കൊപ്പം നസ്‌ലെനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയ സിനിമാ പേജുകളില്‍ ഉയര്‍ന്നിരുന്നു. മലയാള സിനിമയില്‍ പലപ്പോഴും ഉയര്‍ന്നുകേട്ട തിരുവനന്തപുരം ലോബി- മട്ടാഞ്ചേരി മാഫിയ എന്നീ രണ്ടു കൂട്ടര്‍ തമ്മിലുള്ള ചര്‍ച്ചകളുമായി ബന്ധപ്പെടുത്തിയാണ് പുതിയ ചിത്രവും ഡിസ്‌കഷനുകളിലേക്ക് വരുന്നത്.
Photo: Mammootty/ Facebook.com
മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരെ സൂചിപ്പിച്ചുകൊണ്ടാണ് പലപ്പോഴും തിരുവനന്തപുരം ലോബി എന്ന പദം ഉപയോഗിക്കാറുള്ളത്. എണ്‍പതുകള്‍ മുതല്‍ തന്നെ മലയാള സിനിമയില്‍ സജീവമായിരുന്ന ഈ ഗ്രൂപ്പിന്റെ സിനിമകള്‍ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഉള്‍പ്പെട്ടപ്പോഴും സവര്‍ണ പശ്ചാത്തലങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.
ഇതിന് ബദലായിട്ടാണ് കൊച്ചി ആസ്ഥാനമാക്കി അന്‍വര്‍ റഷീദ്, മമ്മൂട്ടി, അമല്‍ നീരദ്, സമീര്‍ താഹിര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയൊരു കൂട്ടത്തിന് തുടക്കം കുറിക്കുന്നത്. മട്ടാഞ്ചേരി മാഫിയ എന്ന പേരില്‍ പലരും ഈ കൂട്ടരെ കളിയാക്കി വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രോളാന്‍ വിളിച്ച ഈ പേര് വെച്ച് തന്നെയാണ് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം പുറത്തിറക്കുന്നതെന്നതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിച്ച വസ്തുത.
ഇതുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. സവര്‍ണ പശ്ചാത്തലങ്ങളെ ആസ്പദമാക്കി സിനിമയൊരുക്കിയിരുന്നവര്‍ക്ക് പകരം സാധാരണക്കാരെയും ദൃശ്യമാധ്യമ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരെയും ഉള്‍പ്പെടുത്തി സിനിമയെടുക്കുന്നവരെ, മട്ടാഞ്ചേരി മാഫിയ എന്ന് വിളിച്ച് പരിഹസിച്ചിടത്ത് നിന്നും അതേ പേര് മമ്മൂട്ടി എന്ന മലയാള സിനിമയിലെ അതികായന്‍ എങ്ങനെ ബ്രാന്‍ഡാക്കി മാറ്റി എന്നതിനെക്കുറിച്ചാണ് പോസ്റ്റ് വിശദീകരിക്കുന്നത്.
Photo: Ott Play
ഒരു കൂട്ടത്തെ തകര്‍ക്കാന്‍ വേണ്ടി വിളിക്കുന്ന പേരിനെ ബ്രാന്‍ഡാക്കി മാറ്റുന്നത് ‘സ്പിന്നിങ്’ എന്ന മാര്‍ക്കറ്റിങ് സ്ട്രാറ്റര്‍ജിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നമുക്കെതിരെ വരുന്ന നെഗറ്റീവ് കാര്യങ്ങളെ തന്ത്രപൂര്‍വ്വം ഉപയോഗിച്ച് നമ്മുടെ ഐഡിന്റിറ്റി ആക്കി മാറ്റുമ്പോള്‍ അത്തരം പരിഹാസങ്ങള്‍ അപ്രസക്തമാകുന്നുവെന്നാണ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്.
മലയാള സിനിമയില്‍ തന്റെ സ്റ്റാര്‍ഡം പരിഗണിക്കാതെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും പരീക്ഷണ ചിത്രങ്ങളിലൂടെ മലയാള സിനിമക്ക് പുതിയ വാതിലുകള്‍ തുറന്ന് നല്‍കുകയും ചെയ്യുന്ന മമ്മൂട്ടി, നെപ്പോട്ടിസത്തിന്റെയോ പാരമ്പര്യത്തിന്റെയോ ചങ്ങലകളില്ലാതെ പുതിയ സിനിമകളൊരുക്കാന്‍ ഒട്ടനവധി പുതുമുഖങ്ങളെ പുതിയ ബദലിലൂടെ പിന്തുണക്കുമെന്നുമാണ് പലരും പ്രതീക്ഷിക്കുന്നത്.
Content Highlight: Mammootty’s New Movie title Mattanchery Mafia starts discussions in social media