| Saturday, 2nd August 2025, 12:09 pm

മമ്മൂക്കയുടെ മെസേജ് ഡബിൾ ഹാപ്പിയാക്കി, ആ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ നിരാശയായി: നവീന വി.എം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിദ്യാലയങ്ങളില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമ. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ തിയേറ്ററില്‍ വിജയമായിരുന്നില്ല. എന്നാല്‍ ഒ.ടി.ടിയില്‍ എത്തിയ ശേഷം കേരളവും കടന്ന് അന്യസംസ്ഥാനം വരെ ആ സിനിമയും പശ്ചാത്തലവും ചര്‍ച്ചയായി. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും സിനിമ കണ്ട മമ്മൂട്ടി അയച്ച മെസേജിനെക്കുറിച്ചും സംസാരിക്കുകയാണ് സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറും നടിയുമായ നവീന വി.എം.

കലയെ നമ്മള്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചാല്‍ അത് നമ്മളെ കൈവിടില്ലെന്ന് നവീന പറയുന്നു. അതിന് ഉത്തമ ഉദാഹരണമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമക്ക് കിട്ടുന്ന കയ്യടിയെന്നും നവീന കൂട്ടിച്ചേര്‍ത്തു.

സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമ അതിശയിപ്പിച്ചു’ എന്ന് സിനിമ കണ്ടശേഷം മമ്മൂട്ടി മെസേജ് അയച്ചെന്നും ആ മെസേജ് കിട്ടിയപ്പോള്‍ ഡബിള്‍ ഹാപ്പിയായെന്നും നവീന കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി അയച്ച മെസേജ് വായിക്കുമ്പോള്‍ അറിയാതെ തന്നെ മമ്മൂട്ടിയുടെ ശബ്ദം ഉള്ളിലേക്ക് വരുമെന്നും ആ സിനിമയുടെ ഓരോ ഘട്ടവും വളരെ അടുത്തുനിന്നു കണ്ടതാണെന്നും നവീന പറയുന്നു.

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചതിന് പുറമേ ചെറിയ വേഷവും ചെയ്തിട്ടുണ്ടെന്നും കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ പോലും സ്‌കൂളുകളിലെ ഇരിപ്പിട ക്രമീകരണങ്ങളില്‍ മാറ്റം വന്നതില്‍ സന്തോഷമുണ്ടെന്നും നവീന കൂട്ടിച്ചേര്‍ത്തു.

ഇത്രയേറെ കലാപ്രാധാന്യമുള്ള സിനിമ തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ വന്നതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ടായിരുന്നുവെന്നും എന്നാല്‍ ഒ.ടി.ടിയില്‍ എത്തിയതോടെ സിനിമ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും നവീന കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നവീന.

വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു മാറ്റത്തിന് സിനിമ തുടക്കമിട്ട സിനിമയാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ്, ശ്രീരംഗ ഷൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏഴാം ക്ലാസില്‍ പഠിക്കുന്ന ശ്രീക്കുട്ടന്‍ എന്ന വിദ്യാര്‍ത്ഥി സ്വന്തം അധ്യാപകനില്‍ നിന്നും നേരിട്ട അവഗണനയും അമര്‍ഷവുമാണ് സിനിമയുടെ പശ്ചാത്തലം.
ക്ലൈമാക്‌സില്‍ സമത്വത്തിനായി നടപ്പിലാക്കിയ സീറ്റിങ് അറേജ്‌മെന്‍സ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അര്‍ദ്ധ വൃത്താകൃതിയില്‍ സീറ്റിട്ട് അധ്യാപകന്‍ നടുക്ക് നില്‍ക്കുന്ന രീതിയിലുള്ള ക്ലാസ് റൂം ആണ് സിനിമയില്‍ കാണിക്കുന്നത്. ഇത് കേരളത്തിന് പുറമെ തമിഴ്‌നാട്, ബംഗാള്‍, ഹൈദരാബാദ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ മാറ്റം വരുത്തിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിനേഷ് പറഞ്ഞിരുന്നു.

Content Highlight: Mammootty’s message made me doubly happy says Naveena V.M

We use cookies to give you the best possible experience. Learn more