| Friday, 14th November 2025, 8:51 pm

അമരവും പാലേരി മാണിക്യവും പോലെയാകില്ല, റീ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ഹിറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിന്ദിയിലും തമിഴിലും ട്രെന്‍ഡായി മാറിയ റീ റിലീസ് തരംഗം മലയാളത്തിലും ഇപ്പോള്‍ ഉടലെടുത്തിരിക്കുകയാണ്. സ്ഫടികത്തില്‍ തുടങ്ങി രാവണപ്രഭു വരെ മോഹന്‍ലാല്‍ സിനിമകളുടെ റീ റിലീസ് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. എന്നാല്‍ മോഹന്‍ലാലിന്റെ റീ റിലീസ് സ്വീകാര്യത മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

എന്റര്‍ടൈന്മെന്റ് സിനിമകള്‍ക്ക് പകരം ക്ലാസിക് സിനിമകള്‍ പുറത്തിറക്കുന്നതുകൊണ്ടാണ് മമ്മൂട്ടിയുടെ റീ റിലീസുകള്‍ക്ക് സ്വീകാര്യത ലഭിക്കാത്തതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരം പോലും ആളില്ലാത്തതിനാല്‍ ഷോ ക്യാന്‍സല്‍ ചെയ്ത വാര്‍ത്ത വൈറലായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ചിത്രം റീ റിലീസിന് തയാറെടുക്കുകയാണ്.

2007ല്‍ പുറത്തിറങ്ങിയ മായാവിയാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. 4K റീമാസ്റ്റേഡ് വേര്‍ഷനിലാണ് മായാവി റീ റിലീസ് ചെയ്യുന്നത്. ഇരുട്ട് അടി സര്‍വീസ് (IAS) ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് മായാവി.

ആ വര്‍ഷം വലിയ ഹിറ്റായി മാറിയ ഛോട്ടാ മുംബൈ, വിനോദയാത്ര, ഹലോ, തുടങ്ങിയ സിനിമകളെ പിന്തള്ളിക്കൊണ്ട് ഇയര്‍ ടോപ്പറായി മാറിയ ചിത്രമായിരുന്നു മായാവി. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും റിപ്പീറ്റ് വാല്യുവുണ്ട്. മമ്മൂട്ടിയുടെ മഹി എന്ന കഥാപാത്രത്തെപ്പോലെ ആരാധകരുള്ള മറ്റൊരു കഥാപാത്രമാണ് സലിംകുമാറിന്റെ കണ്ണന്‍ സ്രാങ്ക്.

മായാവിയുടെ ആശാനാണെന്ന് സ്വയം പറയുന്ന കണ്ണന്‍ സ്രാങ്കിന്റെ മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നും ട്രെന്‍ഡിങ്ങാണ്. സലിംകുമാറിന്റെ ഡയലോഗുകള്‍ തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ നല്ല ക്വാളിറ്റിയുള്ള പ്രിന്റ് തന്നെ റീ റിലീസ് ചെയ്യണമെന്നാണ് പലരും അഭിപ്രായപ്പെടുന്നു.

അമരം എന്ന ചിത്രം 4K റീ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് യൂട്യൂബ് പ്രിന്റ് തിയേറ്ററില്‍ ഇറക്കിയെന്ന് ചിലര്‍ ആരോപിച്ചിരുന്നു. മമ്മൂട്ടിയുടെ മറ്റ് റീ റിലീസുകളെക്കാള്‍ നേട്ടം മായാവി നേടുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം അവസാനം മായാവി വീണ്ടും തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight: Mammootty’s Mayavi movie getting Re release

We use cookies to give you the best possible experience. Learn more