| Tuesday, 4th November 2025, 3:25 pm

കാതില്‍ സ്റ്റഡും സ്‌റ്റൈലന്‍ താടിയും, ഇടിക്കൂട്ടിലെ പിള്ളേരോടൊപ്പമുള്ള മമ്മൂക്കയുടെ ലുക്ക് കണ്ടുപിടിച്ച് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഏഴാം തവണയും തന്റെ പേരിലാക്കി മമ്മൂട്ടി ചരിത്രം രചിച്ചിരിക്കുകയാണ്. ഭ്രമയുഗത്തില്‍ വിസ്മയിപ്പിച്ച മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് തന്നെയായിരുന്നു പലരും ഉറപ്പിച്ചത്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മമ്മൂട്ടിയുടെ ലുക്കാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

2026ലെ ഏറ്റവും ഹൈപ്പുള്ള സിനിമകളിലൊന്നായ ചത്താ പച്ചയില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാട്രിയറ്റിന്റെ ലണ്ടന്‍ ഷെഡ്യൂളിന് ശേഷം കൊച്ചിയിലെത്തിയ മമ്മൂട്ടി ഇന്ന് ചത്താ പച്ചയില്‍ ജോയിന്‍ ചെയ്തു. ചിത്രത്തിലെ ഗെറ്റപ്പിലാണ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

കാതില്‍ സ്റ്റഡ്ഡ് ധരിച്ച് താടി സ്റ്റൈലായി ഡിസൈന്‍ ചെയ്താണ് മമ്മൂട്ടി ചത്താ പച്ചയില്‍ പ്രത്യക്ഷപ്പെടുന്നത്. WWEയെ ആസ്പദമാക്കി ഒരുങ്ങുന്ന ആദ്യ മലയാള സിനിമയാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു.

ഏഴ് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി ചത്താ പച്ചക്ക് നല്കിയിരിക്കുന്നത്. ഇടിക്കൂട്ടിലെ അലമ്പന്മാരായ പിള്ളേരുടെ ആശാനായിട്ടാകും മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ക്യാമറക്ക് പിന്നില്‍ കരുത്തരായ ടീമാണ് ചത്താ പച്ചയില്‍ അണിനിരക്കുന്നത്.

ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്‌സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം ഒരുക്കുന്നത്. പ്രേമം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ആനന്ദ് ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പാന്‍ ഇന്ത്യന്‍ റിലീസ് ലക്ഷ്യം വെക്കുന്ന ചത്താ പച്ചയുടെ വിതരണക്കാര്‍ ധര്‍മ എന്റര്‍ടൈന്മെന്റ്, മൈത്രി മൂവീ മേക്കേഴ്‌സ്, പി.വി.ആര്‍.ഐനോക്‌സ്, വേഫറര്‍ ഫിലിംസ് എന്നിവരാണ്.

അടുത്തിടെ പുറത്തിറങ്ങിയ ചത്താ പച്ചയുടെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. അര്‍ജുന്‍ അശോകന് പുറമെ വിശാഖ് നായര്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. 90’s കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയയായ WWEയെക്കുറിച്ചുള്ള സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Mammootty’s Look in Chatha Pacha Movie

We use cookies to give you the best possible experience. Learn more