| Saturday, 6th December 2025, 4:58 pm

സംഭവം കളറായി, ഓപ്പണിങ്ങില്‍ തിളങ്ങി കളങ്കാവല്‍; ആദ്യ ദിനം നേടിയത് ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കളങ്കാവല്‍ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ മിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ ഈ പടത്തിലും മമ്മൂട്ടി ഗംഭീര പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. വിനായകന്റെ പ്രകടനത്തെ കുറിച്ചും ചിത്രത്തിന്റെ സംഗീതത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.  

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ കളക്ഷനുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും ഇപ്പോഴാണ് പൂര്‍ണമായ ട്രാക്കിങ്ങിന് ശേഷമുള്ള കണക്കുകള്‍ പുറത്ത് വന്നത്.

ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ് കളക്ഷനാണ് കളങ്കാവല്‍ സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് മാത്രം റിലീസ് ദിനത്തില്‍ കളങ്കാവല്‍ നേടിയത് 4.92 കോടിയാണ്. മലയാളത്തില്‍ ഈ വര്‍ഷം വന്നതില്‍ മികച്ച മൂന്നാമത്തെ ഓപ്പണിങ്ങാണിത്.

എമ്പുരാനാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. മോഹന്‍ലാലിന്റെ തന്നെ തുടരുമാണ് 5.10 കോടി നേടി ലിസ്റ്റില്‍ രണ്ടാമത് ഉള്ളത്. മമ്മൂട്ടി ചിത്രങ്ങള്‍ എടുക്കുകയാണെങ്കില്‍ മികച്ച രണ്ടാമത്തെ ഓപ്പണ്ണിങ്ങാണ് കളങ്കാവല്‍. ടര്‍ബോയാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. ആഗോളതലത്തില്‍ കളങ്കാവല്‍ നേടിയത് 14 കോടിക്ക് മുകളില്‍ കളക്ഷനാണ്.

ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ കഥയെഴുതിയ  ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Mammootty’s film Kalamkaval’s first day collection report

We use cookies to give you the best possible experience. Learn more