| Wednesday, 25th February 2026, 1:56 pm

സ്വന്തം കോട്ടയില്‍ നടക്കുന്ന പരിപാടിയുടെ സ്വാഗ് ഒന്ന് വേറെ തന്നെയാ; ഫിലിം ഫെയറിനെയും കടത്തിവെട്ടുന്ന മമ്മൂക്കയുടെ ഓറ

അശ്വിന്‍ രാജേന്ദ്രന്‍

വര്‍ഷങ്ങള്‍ കഴിയും തോറും സ്വയം തേച്ചുമിനുക്കി പതിറ്റാണ്ടുകളായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന അഭിനേതാവാണ് മമ്മൂട്ടി. സമീപകാലത്തായി ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏതൊരു സൂപ്പര്‍ താരവും കൈകാര്യം ചെയ്യാന്‍ മടിക്കുന്ന വേഷങ്ങളാണ് മമ്മൂട്ടി കൈകാര്യം ചെയ്തിരിക്കുന്നത്. കാതല്‍ ദ കോര്‍, ഭ്രമയുഗം, നന്‍പകല്‍ നേരത്ത് മയക്കം, കളങ്കാവല്‍ തുടങ്ങി തന്റെ എഴുപതുകളിലും അടങ്ങാത്ത അഭിനിവേശമാണ് താരം സിനിമയോട് കാണിക്കുന്നത്.

മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍. Photo: Mammootty/ x.com

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഫാന്റസി ഹൊറര്‍ ചിത്രം ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായി വേഷമിട്ട താരം അസാധ്യമായ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. സ്റ്റാന്‍ലി ദാസെന്ന കൊടൂര വില്ലനായെത്തിയ കളങ്കാവല്‍ എഴുപത് കോടി ക്ലബിലെത്തിയതടക്കം വലിയ നേട്ടങ്ങളോടെയാണ് താരം പുതുവര്‍ഷത്തിന് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് മുതല്‍ പത്മഭൂഷണും പതിനാറാമത് ഫിലിം ഫെയറും വരെ നേട്ടങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന ഫിലിം ഫെയറില്‍ സെന്റര്‍ ഓഫ് അട്രാക്ഷനും മമ്മൂക്ക തന്നെയായിരുന്നു. എഴുപത് എഡിഷനുകള്‍ പിന്നിട്ട ഫിലിം ഫെയറിന്റെ ചരിത്രത്തിലാദ്യമായാണ് ചടങ്ങിന് കേരളം വേദിയാകുന്നത്. ഭൂരിഭാഗം സമയങ്ങളിലും ഹൈദരാബാദിലും ബാംഗ്ലൂരിലുമായി നടന്നിരുന്ന ഫിലിം ഫെയര്‍ ഇതിനാല്‍ തന്നെ മലയാളി താരങ്ങളാലും സമ്പന്നമായിരുന്നു. എന്നാല്‍ പതിനാറ് തവണ മലയാളത്തില്‍ നിന്നും മികച്ച നടനുളള ഫിലിം ഫെയര്‍ സ്വന്തമാക്കിയ താരം ഇതിന് മുമ്പ് ഒരു ഫിലിം ഫെയര്‍ വേദിയിലും കാണിക്കാത്ത ആവേശമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കാണിച്ചത്.

സ്വന്തം തട്ടകത്തില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നടന്ന അന്യഭാഷ നടന്മാര്‍ക്ക് മുമ്പില്‍ ഒരു വല്ല്യേട്ടനെ പോലെയാണ് മമ്മൂട്ടി പെരുമാറിയത്. മലയാളത്തില്‍ നിന്നും മികച്ച നടന് തന്നോടൊപ്പം മത്സരിച്ച ആസിഫ് അലിയെയും ബേസിലിനെയും ‘വാടാ’ എന്ന് പറഞ്ഞ് വേദിയിലേക്ക് വിളിച്ചതും മമ്മൂട്ടിക്ക് ലഭിച്ച അവാര്‍ഡ് അവര്‍ക്കൊപ്പം പങ്കുവെച്ചതും മുമ്പൊന്നും കണ്ടിട്ടില്ലാത്ത കാഴ്ച്ചയാണ്. ഒരു ഇന്ത്യന്‍ ഭാഷയില്‍ ഏറ്റവും കൂടുതല്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുന്ന നടനായിട്ട് കൂടി ആദ്യമായി ലഭിക്കുന്ന പ്രതീതിയായിരുന്നു താരത്തിനെന്ന് പലരും അഭിപ്രായപ്പെടുന്നു. ലോക്കല്‍ ബോയ് ആണെന്നതിന്റെ എല്ലാ ആത്മവിശ്വാസവും മമ്മൂക്കക്ക് ഉണ്ടായിരുന്നുവെന്നാണ് ചടങ്ങ് കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

മമ്മൂട്ടിയും ബേസിലും ആസിഫും. Photo: Libin chacko/ x.com

വമ്പന്‍ ലൈനപ്പാണ് താരത്തിന്റെതായി ഈ വര്‍ഷം വരാനിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ്, അടൂര്‍ ഗോപാലകൃഷ്ണനൊപ്പം വരാനിരിക്കുന്ന പദയാത്ര, ധനുഷിന്റെ 55ാമത്തെ ചിത്രം, ഫാലിമി ഡയറക്ടര്‍ നിതീഷ് സഹദേവനൊപ്പമുള്ള ചിത്രം തുടങ്ങിയവ ഈ ലിസ്റ്റില്‍ പെടുന്നു.

Content Highlight: Mammootty’s energy at 70th filfare awards

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more