| Thursday, 12th February 2026, 4:28 pm

മമ്മൂക്കയ്ക്ക് ഡാൻസ് അറിയില്ല എന്നതാണ് ആ പാട്ടിന്റെ യഥാർത്ഥ ഭംഗി ; 'ഓലത്തുമ്പത്തിരുന്നൂയലാടും' ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. ഡാൻസിൽ വലിയ കേമനല്ലെന്നത് ആരാധകർ പോലും തുറന്ന് സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ അതേ കാരണമാണ് അദ്ദേഹത്തിന്റെ ചില ഗാനരംഗങ്ങൾ ഇന്നും മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടാക്കാൻ ഇടയാക്കിയത്.

ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത് മമ്മൂട്ടിയുടെ ‘ഓലത്തുമ്പത്തി രുന്നൂയലാടും’ എന്ന ഗാനരംഗമാണ്.

പരുക്കൻ സ്വഭാവമുള്ള അച്ഛൻ തന്റെ മകന്റെ പിണക്കം മാറ്റാൻ കളിക്കുന്ന ഡാൻസാണ് ഈ പാട്ടിന്റെ മുഖ്യ ആകർഷണം. ഒരു അച്ഛന്റെ സ്നേഹവും വഴക്കുമാറ്റാനുള്ള നിസ്സാരമായ ശ്രമവുമാണ് ഈ രംഗത്തെ മനോഹരമാക്കുന്നത്.

പപ്പയുടെ സ്വന്തം അപ്പൂസ് photo: IMDb

മുഖത്ത് വിരിയുന്ന ചെറു പുഞ്ചിരിയോടും അല്പം മടിച്ചും അല്പം നാണിച്ചും മമ്മൂക്ക അവതരിപ്പിക്കുന്ന സ്റ്റെപ്പുകൾ കാണുമ്പോൾ ഓരോ മലയാളിക്കും ചിരിയയോടൊപ്പം സന്തോഷവുമാണെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ പറയുന്നത്.

ഈ ഗാനത്തിന് രണ്ട് വേർഷനുകൾ ഉണ്ടായിരുന്നുവെങ്കിലും, മമ്മൂട്ടി അവതരിപ്പിച്ച വേർഷനാണ് കൂടുതൽ ജനപ്രീതി നേടിയത്. ഇന്നും കേരളത്തിലെ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി ‘ഓലത്തുമ്പത്തി രുന്നൂയലാടും’ തുടരുകയാണ്.

‘മമ്മൂക്കയ്ക്ക് ഡാൻസ് അറിയില്ല എന്നതാണ് ഈ പാട്ടിന്റെ യഥാർത്ഥ ഭംഗി’ എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്.

പപ്പയുടെ സ്വന്തം അപ്പൂസ് photo: IMDb

പ്രൊഫഷണൽ ഡാൻസറുടെ മികവല്ല, കഥാപാത്രത്തിന്റെ ആത്മാർത്ഥതയാണ് ഈ രംഗത്തിന്റെ പ്രത്യേകത എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും വ്യത്യസ്തത കൊണ്ടുവരാൻ എന്നും ശ്രദ്ധിക്കുന്ന നടനാണ് മമ്മൂട്ടി.

ഓരോ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത താരമാണ് മമ്മൂട്ടിയെന്നും അടുത്തിടെ പുറത്തിറങ്ങിയ ‘കളങ്കാവൽ’ ചിത്രത്തിലെ പ്രതിനായക വേഷവും അതിന് തെളിവാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം, അവതരണ ശൈലിയിലും കഥാപാത്ര വ്യത്യസ്ഥതയിലും പ്രത്യേകം ശ്രദ്ധ നേടിയിരുന്നു.

ഡാൻസിൽ വലിയ കേമനല്ലെങ്കിലും, ഒരു കഥാപാത്രത്തെ ഹൃദയത്തോട് ചേർത്ത് അവതരിപ്പിക്കുന്നതിൽ മമ്മൂക്ക എപ്പോഴും ഒന്നാമനാണെന്ന് ‘ഒലത്തുമ്പത്തി രുന്നൂയാലടും’ വീണ്ടും തെളിയിക്കുന്നു.

അതാണ് ഈ ഗാനരംഗം വർഷങ്ങൾക്കിപ്പുറം പോലും സോഷ്യൽ മീഡിയയിൽ ചർച്ചയാകാനുള്ള യഥാർത്ഥ കാരണമെന്നും ആരാധകർ പങ്കുവെക്കുന്നു.

Content Highlight: Mammootty’s dance goes viral on social media again

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more