ആദ്യദിവസത്തെ സമ്മിശ്ര പ്രതികരണം കാരണം ബോക്‌സ് ഓഫീസില്‍ വീഴുമെന്ന് കരുതിയ ചിത്രമായിരുന്നു ഓ.എം. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം പതിയെ ട്രാക്കില്‍ കയറിയിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 80 കോടിയിലേറെ നേടിക്കഴിഞ്ഞ ചിത്രം പലയിടത്തും ഹൗസ്ഫുള്ളായാണ് മുന്നേറുന്നത്.
ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തിയ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ സാന്നിധ്യം. സിയാ കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്. റിലീസിന് മുമ്പ് പുറത്തുവിട്ട ടീസറില്‍ അപാരമായ സ്വാഗിലായിരുന്നു മമ്മൂട്ടിയെ പ്രസന്റ് ചെയ്തത്. പുറത്തുവന്ന പ്രൊമോകളിലും ട്രെയ്‌ലറിലുമെല്ലാം ഒരു ഗ്യാങ്‌സ്റ്റര്‍ ഇമേജായിരുന്നു കാര്‍ത്തികേയന്.
തമിഴ്‌നാട്- ആന്ധ്ര ബോര്‍ഡറില്‍ രക്തചന്ദനം കടത്തുന്ന സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്ന രീതിയിലാണ് കാര്‍ത്തികേയനെ ടീസറില്‍ അവതരിപ്പിച്ചത്. കാര്‍ത്തികേയന്റെ ഗ്യാങ്ങില്‍ നുഴഞ്ഞുകയറുന്ന പൊലീസ് ഓഫീസറായാണ് ധനുഷ് വേഷമിട്ടത്. ധുരന്ധര്‍ പോലെ സ്‌പൈ ആക്ഷന്‍ ചിത്രമാണ് പ്രൊമോയെല്ലാം കണ്ട് പ്രേക്ഷകര്‍ ആഗ്രഹിച്ചത്. അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്‌മാന്‍ ദാക്കൈത്തിനെ പോലെ ഒരു വില്ലനാകും മമ്മൂട്ടിയെന്ന് പലരും കണക്കുകൂട്ടി.
എന്നാല്‍ റിലീസിന് ശേഷം മമ്മൂട്ടിയുടെ കഥാപാത്രം പലരെയും ഞെട്ടിച്ചു. റഹ്‌മാന്‍ ദാക്കൈത്തിനെപ്പോലൊരു വില്ലനെ പ്രതീക്ഷിച്ചവര്‍ക്ക് മെയ്യഴഗനെപ്പോലെ ഒരു സുഹൃത്തിനെയാണ് കിട്ടിയതെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. ഇത്രയും പാവം മനസിന്റെ ഉടമയായ കള്ളക്കടത്തുകാരനെ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് പലരുടെയും കമന്റുകള്‍.
രക്തചന്ദന കടത്തിന്റെ മീഡിയേറ്ററായി നില്‍ക്കുന്ന കാര്‍ത്തികേയന് ഈ ജോലി അത്ര ഇഷ്ടമല്ലെന്ന് പലകുറി കാണിക്കുന്നുണ്ട്. കള്ളക്കടത്ത് നടത്തുന്ന ചന്ദനം പോയാലും കുഴപ്പമില്ലെന്നും തന്റെ കൂടെയുള്ളവര്‍ സുരക്ഷിതരായിരിക്കണമെന്ന് കരുതുന്നയാളാണ് കാര്‍ത്തികേയന്‍. എക്‌സിലെ സിനിമാപേജുകളില്‍ കാര്‍ത്തികേയന്റെ എഡിറ്റഡ് വീഡിയോസ് വൈറലായിക്കഴിഞ്ഞു.
‘തങ്കമാന പയ്യന്‍ സാര്‍ അവര്‍’ എന്നാണ് പല വീഡിയോകളുടെയും ക്യാപ്ഷന്‍. ‘എല്ലാവരും ആഗ്രഹിക്കുന്നത് സിയായെപ്പോലെ ഒരു നന്‍പനെയാണ്’ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ മമ്മൂട്ടി എന്ന പെര്‍ഫോമര്‍ ഞെട്ടിച്ചെന്നും കമന്റുകളുണ്ട്. ക്ലൈമാക്‌സിന് മുമ്പുള്ള സീനില്‍ ഡയലോഗ് പോലുമില്ലാതെ താരം നല്‍കിയ റിയാക്ഷന്‍ തമിഴ് പ്രേക്ഷകരെ ഞെട്ടിച്ചു. സമീപകാലത്ത് ഒരു മലയാള നടന് അന്യഭാഷയില്‍ ലഭിച്ച മികച്ച കഥാപാത്രം കൂടിയാണ് സിയാ കാര്ത്തികേയന്.
Content Highlight: Mammootty’s character in OM movie comparing with Meiyazhagan