| Thursday, 19th February 2026, 6:45 pm

ഇനിയും തേച്ചാല്‍ ഇനിയും ബോറാകും, റീ ഡബ്ബ് ചെയ്തിട്ടും രക്ഷയില്ലാതെ ചത്താ പച്ചയിലെ വാള്‍ട്ടര്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ആദ്യ ഹിറ്റായി മാറിയ ചത്താ പച്ച ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. തിയേറ്ററില്‍ വന്‍ ഹിറ്റായ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ഡബ്ല്യൂ. ഡബ്ല്യൂ. ഇയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവമായിരുന്നു. ഫോര്‍ട്ടുകൊച്ചിയുടെ പശ്ചാത്തലത്തില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഫൈറ്റുകളെ അനുകരിച്ചുകൊണ്ട് ഒരുക്കിയ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

റിലീസിന് മുമ്പ് ചത്താ പച്ചയുടെ ഹൈപ്പ് ഉയര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച ഒന്നായിരുന്നു മമ്മൂട്ടിയുടെ കാമിയോ റോള്‍. ആദ്യ സീന്‍ മുതല്‍ എല്ലാ കഥാപാത്രങ്ങളും ഒരുപോലെ ഹൈപ്പ് നല്‍കിയ ബുള്ളറ്റ് വാള്‍ട്ടറായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാന്‍ മമ്മൂട്ടിയുടെ കാമിയോക്ക് സാധിച്ചില്ല. സിങ്ക് സൗണ്ടും ഗെറ്റപ്പുമാണ് വാള്‍ട്ടറിന് തിരിച്ചടിയായത്.

ചത്താ പച്ച Photo: Netflix

എന്നാല്‍ ഒ.ടി.ടി റിലീസിന്റെ സമയത്ത് മമ്മൂട്ടിയുടെ ഭാഗങ്ങള്‍ റീ ഡബ്ബ് ചെയ്താണ് അവതരിപ്പിച്ചത്. തിയേറ്റര്‍ റിലീസ് സമയത്ത് കേട്ട വിമര്‍ശനം അണിയറപ്രവര്‍ത്തകര്‍ സീരിയസായി എടുത്തു എന്നതിന്റെ തെളിവാണ് ഈ മാറ്റമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ റീ ഡബ്ബ് ചെയ്തിട്ടും വാള്‍ട്ടര്‍ പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയിട്ടില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വന്‍ ബില്‍ഡപ്പിലെ എന്‍ട്രിയായിരുന്നെങ്കിലും പിന്നീട് കഥയില്‍ വലുതായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കസേരയിലിരുന്ന് മറ്റ് കഥാപാത്രങ്ങളോട് തല്ലാന്‍ പറയുന്ന കഥാപാത്രമാണ് വാള്‍ട്ടര്‍. അനിയന്‍കുട്ടന്മാരെ മുന്നില്‍ നിര്‍ത്തി ആക്ഷന്‍ ചെയ്യിപ്പിക്കുന്ന വാള്‍ട്ടറിന് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ചത്താ പച്ച Photo: Netflix

‘ഇനിയും തേച്ചാല്‍ ഇനിയും ബോറാകും’, ‘അണ്ടര്‍ടേക്കറിനെ ഇമിറ്റേറ്റ് ചെയ്യാന്‍ നോക്കിയതാ, പക്ഷേ നൈസായിട്ട് പാളി’, ‘അമേരിക്കന്‍ ബാഡാസാകാന്‍ നോക്കി, പക്ഷേ പ്രതീക്ഷിച്ചതുപോലെ വന്നില്ല’, ‘ഇന്‍ട്രോ കണ്ടപ്പോള്‍ ഗംഭീരമാകുമെന്ന് വിചാരിച്ചു. പക്ഷേ, കസേരയിലിരുന്ന് ഡയലോഗടി മാത്രമേയുണ്ടായിരുന്നുള്ളൂ,’ എന്നിങ്ങനെയാണ് പല പോസ്റ്റുകളും.

മമ്മൂട്ടിയുടെ കഥാപാത്രത്തെ മാറ്റിനിര്‍ത്തിയാല്‍ ചിത്രം ഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മുജീബ് മജീദിന്റെ സംഗീതവും ശങ്കര്‍ എഹ്‌സാന്‍ ലോയ്‌യുടെ പാട്ടുകളും ചിത്രത്തെ കൂടുതല്‍ മികച്ചതാക്കി.

Content Highlight: Mammootty’s character in Chatha Pacha movie getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more