| Friday, 1st August 2025, 4:52 pm

അപ്പനും മോനും ഒരുമിച്ച് അവാര്‍ഡ് സ്വന്തമാക്കുമോ? സൈമയില്‍ പ്രതീക്ഷയുമായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനും. പെര്‍ഫോമന്‍സ് കൊണ്ടും, ബോക്‌സ് ഓഫീസിലെ പ്രകടനം കൊണ്ടും ഇരുവരും തങ്ങളുടെ റേഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാനും മമ്മൂട്ടിയും ദുല്‍ഖറും ശ്രമിക്കാറുണ്ട്.

ഈ വര്‍ഷത്തെ സൈമ അവാര്‍ഡില്‍ ഇരുവരും മത്സരിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ രണ്ട് പേരും വ്യത്യസ്ത ഭാഷകളിലാണ് മത്സരം കാഴ്ചവെക്കുന്നതെന്ന കാര്യവും പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. മലയാളത്തില്‍ യുവനടന്മാര്‍ക്ക് കനത്ത വെല്ലുവിളി മമ്മൂട്ടി നല്‍കുമ്പോള്‍, തെലുങ്കിലെ വമ്പന്‍ താരങ്ങളോടൊപ്പമാണ് ദുല്‍ഖറിന്റെ മത്സരം.

കഴിഞ്ഞവര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഭ്രമയുഗത്തിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരരംഗത്ത് നില്‍ക്കുന്നത്. ആസിഫ് അലി (കിഷ്‌കിന്ധാകാണ്ഡം), പൃഥ്വിരാജ് (ആടുജീവിതം), ഫഹദ് ഫാസില്‍ (ആവേശം), ടൊവിനോ (എ.ആര്‍.എം), ഉണ്ണി മുകുന്ദന്‍ (മാര്‍ക്കോ) എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍. പോറ്റിയായും ചാത്തനായും പകര്‍ന്നാട്ടം നടത്തിയ മമ്മൂട്ടിയോടൊപ്പം മറ്റ് നടന്മാര്‍ കൂടി മത്സരിക്കുമ്പോള്‍ ആവേശം ഇരട്ടിയാവുകയാണ്.

കിങ് ഓഫ് കൊത്തയുടെ പരാജയവും പിന്നീടുള്ള രണ്ട് വര്‍ഷത്തെ ഇടവേളയും ദുല്‍ഖര്‍ ആരാധകര്‍ മറക്കാനാഗ്രഹിക്കുമ്പോഴായിരുന്നു കരിയറിലെ മൂന്നാമത്തെ തെലുങ്ക് ചിത്രവുമായി ഡി.ക്യു എത്തിയത്. സാധാരണ ബാങ്ക് ജീവനക്കാരന്റെ കഥ പറഞ്ഞ ലക്കി ഭാസ്‌കര്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കരിയറിലെ ആദ്യ 100 കോടിയും ലക്കി ഭാസ്‌കറിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കി.

തെലുങ്കിലെ വമ്പന്‍ സ്രാവുകളുടെ കൂടെയാണ് ദുല്‍ഖറിന്റെ മത്സരം. അല്ലു അര്‍ജുന്‍ (പുഷ്പ 2), പ്രഭാസ് (കല്‍ക്കി 2898 എ.ഡി), ജൂനിയര്‍ എന്‍.ടി.ആര്‍ (ദേവര), നാനി (സരിപ്പോദ ശനിവാരം), തേജ സജ്ജ (ഹനുമാന്‍) എന്നിവരാണ് ദുല്‍ഖറിന്റെ എതിരാളികള്‍. കൂടുതല്‍ വോട്ട് സ്വന്തമാക്കി മമ്മൂട്ടിയും ദുല്‍ഖറും മികച്ച നടന്മാരായാല്‍ അത് ചരിത്രമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലും മമ്മൂട്ടിയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ടൊവിനോ, ആസിഫ് അലി, വിജയരാഘവന്‍ എന്നിവരാണ് മമ്മൂട്ടിയോടൊപ്പം സാധ്യത കല്‍പിക്കുന്ന മറ്റ് നടന്മാര്‍. ഈ വര്‍ഷവും മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയാല്‍ ഏറ്റവുമധികം സ്റ്റേറ്റ് അവാര്‍ഡുള്ള നടനായി മമ്മൂട്ടി മാറും. ഓഗസ്റ്റ് ആദ്യവാരം അവാര്‍ഡ് പ്രഖ്യാപനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Mammootty’s Bramayugam and Dulquer Salman’s Lucky Bhasker are for SIIMA awards

We use cookies to give you the best possible experience. Learn more