മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ 43ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ ദുല്‍ഖറിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വലിയ ഫാന്‍ ബേസ് ഉണ്ടാക്കിയെടുത്ത ഡി.ക്യൂ ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമാലോകത്ത് പലരും താരത്തിന് പിറന്നാളാശംസകള്‍ നേരുകയും ചെയ്തു.
ആരാധകരെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആശംസകളിലൊന്നായിരുന്നു മമ്മൂട്ടിയുടേത്. മമ്മൂട്ടിയും മമ്മൂട്ടിക്കമ്പനിയും ദുല്‍ഖറിന് പിറന്നാളാശംസ നേര്‍ന്നതാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ച. മമ്മൂട്ടിക്കമ്പനിയാണ് ആദ്യം ദുല്‍ഖറിന് പിറന്നാളാശംസ അറിയിച്ചത്. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ഫോട്ടോയില്‍ ഡി.ക്യൂവിന്റെ ഷര്‍ട്ടാണ് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. വെള്ളനിറത്തില്‍ സിംഹക്കുട്ടിയുടെ ചിത്രമുള്ള ഷര്‍ട്ടാണ് ദുല്‍ഖര്‍ ധരിച്ചത്. മമ്മൂട്ടിയുടെ ഔട്ട്ഫിറ്റും ഗംഭീരമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റും സിനിമാപേജുകളില്‍ ചര്‍ച്ചയായി. ‘ഹാപ്പി ബര്‍ത്ത്‌ഡേ ചാലൂ’ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി പോസ്റ്റ് പങ്കുവെച്ചത്. മുന്‍പ് പലതവണയും മമ്മൂട്ടി പിറന്നാളാശംസ നേര്‍ന്നിട്ടുണ്ടെങ്കിലും ‘ചാലൂ’ എന്ന് വിളിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചത് ആദ്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
ബാക്ക്ഗ്രൗണ്ടില്‍ ബുര്‍ജ് ഖലീഫയുണ്ടെങ്കിലും എല്ലാവരുടെയും ശ്രദ്ധ മമ്മൂട്ടിയിലേക്കാണെന്ന് പലരും കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നുണ്ട്. മകന്റെ ബര്‍ത്ത് ഡേ പോസ്റ്റില്‍ മകനെക്കാള്‍ ലുക്ക് അച്ഛനാണെന്നും കമന്റുകളുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വളരെ അപൂര്‍വമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
ദുല്‍ഖറിനെക്കുറിച്ച് മമ്മൂട്ടി പങ്കുവെക്കുന്ന പോസ്റ്റുകളിലെ ക്ലീഷേ കമന്റ് ഇത്തവണയുമുണ്ട്. മമ്മൂട്ടിയുടെ ഫോണ്‍ അടിച്ചുമാറ്റി ദുല്‍ഖര്‍ പോസ്റ്റ് ചെയ്തതാണോ എന്നാണ് ചിലരുടെ ചോദ്യം. ഈ ക്ലീഷേ ഇതുവരെ നിര്‍ത്താറായില്ലേ എന്ന് ചിലര്‍ മറുപടി നല്‍കുന്നുമുണ്ട്. എല്ലാം കൊണ്ടും ഇന്‍ഡസ്ട്രിയിലെ ചര്‍ച്ചയായിരിക്കുകയാണ് ദുല്‍ഖറിന്റെ പിറന്നാള്‍.
അപ്‌ഡേറ്റുകളുടെ ചാകര കൊണ്ടും ഈ പിറന്നാള്‍ സ്‌പെഷ്യലാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ ആം ഗെയിമിന്റെ ട്രെയ്‌ലര്‍, തെലുങ്ക് ചിത്രങ്ങളായ ശ്രീ ശ്രീ, ആകാസം ലോ ഒക്ക താര എന്നിവയിലെ ആദ്യഗാനം ഇന്ന് പുറത്തുവിട്ടു. എല്ലാം കൊണ്ടും ദുല്‍ഖര്‍ എന്ന താരത്തിന്റെ വിശ്വരൂപം ഇത്തവണ കാണാനാകുമെന്നാണ് പ്രതീക്ഷ.
Content Highlight: Mammootty’s Birthday wish to Dulquer Salmaan viral